നെയ്യാറ്റിന്‍കര: ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീയെ വയലില്‍ തള്ളിയിട്ട് പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ മാരായമുട്ടം പോലീസ് അറസ്റ്റുചെയ്തു. സംഭവത്തില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചയാളെയും പിടികൂടി.

മാരായമുട്ടം ചുള്ളിയൂര്‍ തോപ്പില്‍ വീട്ടില്‍ അരുണ്‍ (21), വടകര തേരിയില്‍ വീട്ടില്‍ വിപിന്‍ (19)എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റത്തിന് പ്രതികളുടെ സുഹൃത്ത് മാരായമുട്ടം മണലുവിള ലക്ഷം വീട് കോളനിയില്‍ വിജീഷ് (19)നെയും മാരായമുട്ടം പോലീസ് അറസ്റ്റുചെയ്തു.

ഒന്നാം പ്രതി അരുണിന്റെ വീടിനു സമീപത്തെ മുപ്പത്തെട്ടുകാരിയെയാണ് പ്രതികള്‍ പീഡിപ്പിച്ചത്. ഡിസംബര്‍ 30-ന് വൈകീട്ട് 5.30-ന് ചുള്ളിയൂര്‍ പാലത്തിനു സമീപത്തുവെച്ചാണ് പീഡനം നടത്തിയത്. ഒരു ബേക്കറി കടയിലെ ജീവനക്കാരിയാണ് പീഡനത്തിനിരയായത്. ഇവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്കു നടന്നുപോകുമ്പോഴാണ് പ്രതികളായ അരുണും വിപിനും ചേര്‍ന്ന് പീഡിപ്പിച്ചത്.

പാലത്തിന് പത്തടിയോളം താഴത്തേക്കു തള്ളിയിട്ടശേഷം ഇരുവരും ചേര്‍ന്ന് ഇവരെ വലിച്ചിഴച്ചു കൊണ്ടുപോയാണ് പീഡിപ്പിച്ചത്. സ്ത്രീയുടെ നിലവിളി കേട്ട് സ്‌കൂട്ടറില്‍ പോയവരാണ് സംഭവമറിയുന്നത്.

പീഡനത്തിനിടെ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പീഡനശേഷം പ്രതികള്‍ സുഹൃത്തായ മണലുവിള ലക്ഷംവീട് കോളനിയില്‍ വിജീഷിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെവച്ചാണ് മാരായമുട്ടം എസ്.ഐ. എം.ആര്‍.മൃദുല്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.

കഞ്ചാവ് വില്പന നടത്തുന്നയാളാണ് വിജീഷ്. പ്രതികള്‍ക്ക് സ്ഥിരമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതും വിജീഷാണ്. പോലീസുകാരായ സജിന്‍, രാഹുല്‍, ക്രിസ്റ്റഫര്‍ ജോസ്, ഗ്ലാസ്റ്റണ്‍ പ്രകാശ്, ജയകുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.