തിരുവനന്തപുരം: നോട്ടുനിരോധനത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പി. കനത്തമഴയെ അവഗണിച്ച് ആര്‍.ബി.ഐ, എസ്.ബി.ഐ. ഓഫീസുകളുടെ മുന്നിലേക്കും സെക്രട്ടേറിയറ്റ് പടിക്കലേക്കും ബുധനാഴ്ച പ്രതിഷേധ മാര്‍ച്ചുകള്‍ പ്രവഹിച്ചു.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം വിഡ്ഢിദിനമായി ആചരിച്ചാണ് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചത്. ഏജീസ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിഡ്ഡിപ്പട്ടം ചാര്‍ത്തല്‍ ചടങ്ങും സംഘടിപ്പിച്ചു. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

നോട്ട് പിന്‍വലിക്കലിന്റെ ഒന്നാം വാര്‍ഷികദിനം വ്യാപാരി വ്യവസായി കോണ്‍ഗ്രസ് കരിദിനമായി ആചരിച്ചു. ജി.എസ്.ടി. ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധധര്‍ണ ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനായി. കറുത്ത ബാഡ്ജ് ധരിച്ചായിരുന്നു പ്രതിഷേധം.

കേരള പ്രദേശ് വ്യാപാരി വ്യവസായി സമിതി സ്റ്റാച്യു എസ്.ബി.ഐ. ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. എസ്.യു.സി.ഐ.യുടെ നേതൃത്വത്തിലും ധര്‍ണ നടന്നു.

ശിവസേന റിസര്‍വ് ബാങ്കിന് മുന്നിലേക്കു നടത്തിയ പ്രതിഷേധ മാര്‍ച്ച് മീഡിയ കമ്മിറ്റി ചെയര്‍മാന്‍ പേരൂര്‍ക്കട ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.യുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ പ്രതിഷേധക്കൂട്ടായ്മകള്‍ നടത്തി. വികാസ്ഭവന്‍ സമുച്ചയം, പബ്ലിക് ഹെല്‍ത്ത് ലാബ്, ഹൗസിങ് ബോര്‍ഡ്, ആയുര്‍വേദ കോളേജ്, ലേബര്‍ ഡയറക്ടറേറ്റ്, ഫോര്‍ട്ട് താലൂക്ക് ഓഫീസ്, മെഡിക്കല്‍കോളേജ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ആറ്റിങ്ങല്‍ സിവില്‍ സ്റ്റേഷന്‍, ചിറയിന്‍കീഴ് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം.

ജി.എസ്.ടി നടപ്പിലാക്കിയതിലൂടെ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധിച്ചുവെന്നാരോപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി. സംസ്ഥാന പ്രസിഡന്റ് എ.ജി. ഒലീന ഉദ്ഘാടനം ചെയ്തു.

നോട്ടസാധുവാക്കല്‍ ദിനം വഞ്ചനാദിനമായാണ് ആം ആദ്മി പാര്‍ട്ടി ആചരിച്ചത്. ഏജീസ് ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംസ്ഥാന കമ്മറ്റിയംഗം മെല്‍വിന്‍ വിനോദ് ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനം എസ്.!ഡി.പി.ഐ. വിചാരണാദിനമായി ആചരിച്ചു. സംസ്ഥാന സെക്രട്ടറി അജ്മല്‍ ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

അതേസമയം നോട്ടുനിരോധനത്തെ അനുകൂലിച്ച് ബി.ജെ.പി. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ കള്ളപ്പണവിരുദ്ധദിനം ആചരിച്ചു. ഒ. രാജഗോപാല്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് വലിയ ക്യാന്‍വാസില്‍ ഒപ്പുശേഖരണം നടത്തി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.