തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണപാഠങ്ങളും അനുഭവങ്ങളും പകര്‍ന്നുനല്‍കി 'സീഡ്' അധ്യാപക പരിശീലനം വേറിട്ട അനുഭവമായി. മാതൃഭൂമി സീഡിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനാണ് തിരുവനന്തപുരം, നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലകളിലെ അധ്യാപകര്‍ ഒത്തുചേര്‍ന്നത്. പരിശീലനം ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കുന്നതിന് 'ഹരിതോത്സവം' എന്നപേരില്‍ സീഡുമായി സഹകരിച്ച് ഇക്കൊല്ലം വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പത്ത് പ്രവര്‍ത്തനങ്ങള്‍ പ്രകൃതി സംരക്ഷണം-ജീവന്റെ സംരക്ഷണമാണെന്ന ബോധം പുതുതലമുറയ്ക്ക് പകര്‍ന്നുനല്‍കുമെന്നും അവര്‍ പറഞ്ഞു. കൃഷിവകുപ്പ് ഡയറക്ടര്‍ സുനില്‍കുമാര്‍ എ.എം. അധ്യക്ഷനായിരുന്നു.

നല്ലഭക്ഷണം നല്‍കുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഇതിനായി ജില്ലയില്‍ നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് പ്രവര്‍ത്തകരായ അധ്യാപകരും കുട്ടികളും നല്‍കുന്ന നേതൃത്വം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പ് വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതി നമ്മുടെ ഓണക്കാലസദ്യ വിഷവിമുക്തമാക്കുമെന്നും പറഞ്ഞു. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഷിബുതോമസ് ആശംസ നേര്‍ന്നു. സീഡ് പ്രവര്‍ത്തനങ്ങള്‍ 9-ാംവര്‍ഷത്തിലേക്ക് വിജയകരമായി മുന്നേറുമ്പോള്‍ സാമൂഹികപ്രതിബദ്ധതയുള്ള സീഡ് പദ്ധതിയുമായി കൈകോര്‍ത്തതില്‍ ഫെഡറല്‍ ബാങ്കിനഭിമാനമുെണ്ടന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ ആര്‍.മുരളി സ്വാഗതവും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ബി.ജയചന്ദ്രന്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് മാതൃഭൂമി സീഡ് പദ്ധതിയെക്കുറിച്ചും ഹരിതോത്സവത്തെക്കുറിച്ചും അധ്യാപകരോട് വിശദീകരിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 200-ഓളം അധ്യാപകര്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷത്തെ പുരസ്‌കാരജേതാക്കള്‍ അനുഭവങ്ങള്‍ പങ്കുെവച്ചു.

ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ 'സീഡ്' അധ്യാപകര്‍ക്കായുള്ള പരിശീലനപരിപാടി 22ന് ആറ്റിങ്ങലില്‍ നടക്കും.