തിരുവനന്തപുരം: ജില്ലയില്‍ പനിയെത്തുടര്‍ന്ന് അഞ്ചുപേര്‍കൂടി മരിച്ചു. ഒരാള്‍ ഡെങ്കിപ്പനി മൂലവും മറ്റൊരാള്‍ എലിപ്പനി ബാധിച്ചുമാണ് മരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. മറ്റുള്ളവര്‍ മരിച്ചത് ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു.

പൂന്തുറ സ്വദേശി നിസാര്‍(45) എലിപ്പനി ബാധിച്ചും നേമം സ്വദേശി മറിയം ഫാത്തിമ(പത്തു മാസം) ഡെങ്കിപ്പനി മൂലവും മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി വിനോദ്(32), പൂന്തുറ സ്വദേശി സാംബശിവന്‍ (60) എന്നിവരുടെ മരണം ഡെങ്കിപ്പനി ബാധിച്ചാണോയെന്നും ആരോഗ്യവകുപ്പ് സംശയിക്കുന്നു. വെഞ്ഞാറമൂട് പേരുമല ആയിരവില്ലി ക്ഷേത്രം കവലയില്‍ അഖിലേഷ് ഭവനില്‍ രഘുനാഥന്‍ നായരുടെ ഭാര്യ ബേബി അമ്മ(48)യും പനിബാധിച്ചു മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബേബി. അഖിലേഷ്, അഖില്‍ എന്നിവര്‍ മക്കളാണ്. മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച രാവിലെ 9ന്.

ജില്ലയില്‍ പൊഴിയൂരില്‍ മലേറിയയും അരുവിക്കര, ആനയറ എന്നിവിടങ്ങളില്‍ എലിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ നാലുപേര്‍ക്ക് എലിപ്പനി ബാധിച്ചതായും സംശയിക്കുന്നു. ഒരാള്‍ക്ക് എച്ച് വണ്‍ എന്‍ വണ്ണും സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ശനിയാഴ്ച മാത്രം 84 പേര്‍ക്ക് ഡെങ്കിപ്പനിയുണ്ടെന്നു കണ്ടെത്തി. 125 പേരുടെ പനി ഡെങ്കിയാണോയെന്നു സംശയിക്കുന്നുമുണ്ട്. 2918 പേരാണ് ശനിയാഴ്ച വിവിധ ആശുപത്രികളിലെ ഒ.പി.യില്‍ പനിക്കു ചികിത്സതേടിയെത്തിയത്. 170 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 162 പേര്‍ക്ക് വയറിളക്ക രോഗങ്ങള്‍ക്ക് ചികിത്സനല്‍കി. 11 പേര്‍ക്ക് ചിക്കന്‍പോക്‌സും കണ്ടെത്തി.

തിരുവനന്തപുരത്ത് പൂന്തുറയില്‍ അഞ്ചുപേര്‍ക്കും കല്ലിയൂരില്‍ നാലുപേര്‍ക്കും അമ്പലത്തറ, ബീമാപള്ളി, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ മൂന്നുപേര്‍ക്ക് വീതവും ഡെങ്കിപ്പനി കണ്ടെത്തി. ബാലരാമപുരം, കല്ലിയൂര്‍, മംഗലപുരം, കരമന, കഴക്കൂട്ടം, കരുമം, ശംഖുംമുഖം, വലിയതുറ പ്രദേശങ്ങളില്‍ വ്യാപകമായി പനി ബാധിക്കുകയാണ്. ഇവിടങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.