തിരുവനന്തപുരം : ഇരുപതാമത് സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിനു തുടക്കമായി. തിരുവനന്തപുരം മണക്കാട് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസില്‍ മന്ത്രി സി.രവീന്ദ്രനാഥ് കലോത്സവം ഉദ്ഘാടനം ചെയ്തു.

കലോത്സവങ്ങള്‍ ലളിതമാക്കി സര്‍ഗവാസനകള്‍ വളര്‍ത്താനുള്ള വേദികളായി മാറണമെന്ന് മന്ത്രി പറഞ്ഞു. ലാളിത്യമുള്ള സംഘാടനമാണ് കലോത്സവങ്ങള്‍ക്കു വേണ്ടത്. അതിന്റെ ആദ്യപടിയായാണ് മാന്വല്‍ പരിഷ്‌കരിച്ച് ഘോഷയാത്രകള്‍ ഒഴിവാക്കിയത്. തൃശ്ശൂരില്‍ നടക്കാന്‍പോകുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം അതിനുള്ള ഉദാഹരണമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പഠനത്തോടൊപ്പം സര്‍ഗവാസനകള്‍ കൂടി വളര്‍ത്തപ്പെടുമ്പോഴാണ് വിദ്യാഭ്യാസം സമഗ്രമാകുന്നത്. വ്യത്യസ്ത മേഖലകളില്‍ മികച്ച കഴിവുകളുള്ള ഭിന്നശേഷികുട്ടികള്‍ക്കു നല്ല പ്രോത്സാഹനം ലഭിച്ചാല്‍ മാത്രമേ കഴിവുകള്‍ പ്രകടിപ്പിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.

ഐ.ബി.സതീഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഡി.കെ.മുരളി എം.എല്‍.എ., എസ്.എസ്.എ. സ്റ്റേറ്റ് ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ഉണ്ണികൃഷ്ണന്‍, കൗണ്‍സിലര്‍ ആര്‍.മിനി, എം.മണികണ്ഠന്‍, അജിത്ത് കുമാര്‍, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഡോ. പി.പി.പ്രകാശന്‍, ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ പതാകയുയര്‍ത്തി. സാംസ്‌കാരിക ഘോഷയാത്രയ്ക്കു പകരം നടന്ന സാംസ്‌കാരികസംഗമത്തില്‍ തെയ്യം, പൂക്കാവടി, ചെണ്ടമേളം, നാടന്‍കലാരൂപങ്ങള്‍ തുടങ്ങിയവയുമായി കുട്ടികള്‍തന്നെ അണിനിരന്നതും ശ്രദ്ധേയമായി.

സാംസ്‌കാരികസംഗമത്തില്‍ മണ്ണന്തല മരിയന്‍ പ്ലേ ഹോം ഒന്നാംസ്ഥാനം നേടി. അമരവിള കാരുണ്യ റസിഡന്‍ഷ്യല്‍ സ്‌കൂളും മുറിഞ്ഞപാലം ഡി.സി.എം.ആര്‍. സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. വഴുതന്നൂര്‍ ശ്രീകാരുണ്യം മിഷനും എല്‍.എം.എസ്. കോമ്പൗണ്ട് സി.ഡി.ആര്‍. സ്‌പെഷ്യല്‍ സ്‌കൂളും മൂന്നാം സ്ഥാനത്തെത്തി.

44 സ്‌പെഷ്യല്‍ സ്‌കൂളുകളില്‍നിന്നും പൊതു വിദ്യാലയങ്ങളില്‍നിന്നുമായി 1500 വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 90 മത്സരയിനങ്ങളാണ് കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഹരിത പെരുമാറ്റച്ചട്ടം പൂര്‍ണമായി പാലിച്ചുള്ള കലോത്സവം 11-ന് സമാപിക്കും. സമാപനസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.