തിരുവനന്തപുരം: മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പൊതുജനപങ്കാളിത്തത്തോടെ പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്ലാസ്റ്റിക് വിമുക്തപാര്‍പ്പിട മേഖലയായി. തോന്നയ്ക്കല്‍ സായിഗ്രാമത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിയ പ്രവര്‍ത്തനത്തിലൂടെയാണ് ലക്ഷ്യം നേടിയത്. ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്ലാസ്റ്റിക് വിമുക്തമാകുന്ന ആദ്യ റസിഡന്റ്‌സ് അസോസിയേഷനാണിത്. സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കാന്‍സര്‍ രോഗം വ്യാപകമാകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് പ്ലാസ്റ്റിക് ആണെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. പറഞ്ഞു. ഈ പാരിസ്ഥിതിക ദുരന്തത്തെ പ്രതിരോധിക്കാന്‍ മാതൃഭൂമി സീഡ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്. ആരോഗ്യമേഖലയ്ക്കുണ്ടായ തകര്‍ച്ചയ്ക്ക് പ്രധാനകാരണം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. ഇതിന്റെ ഉപയോഗം കുറയ്ക്കാന്‍ ജനം സ്വയം രംഗത്തിറങ്ങണമെന്നും മുരളീധരന്‍ പറഞ്ഞു.

മേയര്‍ വി.കെ.പ്രശാന്ത് മുഖ്യാതിഥിയായി. മാതൃഭൂമി തുടങ്ങിവെച്ച ഈ ദൗത്യം ആര്‍ക്കും മാതൃകയാക്കാവുന്നതാണെന്ന് മേയര്‍ പറഞ്ഞു. പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിരോധനവുമായി കോര്‍പ്പറേഷന്‍ മുന്നോട്ട് പോകുകയാണ്. മാതൃഭൂമി സീഡ് ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി നൂറ് കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഒരു മേഖല പ്ലാസ്റ്റിക് വിമുക്തമാക്കിയിരിക്കുകയാണ്. ഇത് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരും- മേയര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ആര്‍.സതീഷ്‌കുമാര്‍ ഗ്രോബാഗ് വിതരണോദ്ഘാടനം നടത്തി. സമൂഹത്തിന് ഗുണകരമായ ദൗത്യമാണ് ഈ പദ്ധതിയിലൂടെ മാതൃഭൂമി ഏറ്റെടുത്തിരിക്കുന്നതെന്ന് സതീഷ് കുമാര്‍ പറഞ്ഞു.

മാതൃഭൂമി ബ്യൂറോചീഫ് ആര്‍.ഹരികുമാര്‍ പ്ലാസ്റ്റിക് വിമുക്തപ്രഖ്യാപനം നടത്തി. യൂണിറ്റ് മാനേജര്‍ ആര്‍.മുരളി തുണിസഞ്ചി വിതരണോദ്ഘാടനം നടത്തി. സായിഗ്രാമം ട്രസ്റ്റി മുട്ടത്തറ വിജയകുമാര്‍ പ്ലാസ്റ്റിക് വിരുദ്ധപ്രതിജ്ഞ നടത്തി. പാറ്റൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി.മാധവന്‍ ചടങ്ങില്‍ അധ്യക്ഷനായി. ഡെപ്യൂട്ടി റെയ്ഞ്ചര്‍ ഉദയനന്‍ നായര്‍, കൃഷിഓഫീസര്‍ സി.എല്‍.മിനി, കാര്‍ഷിക കര്‍മസേനാ പ്രസിഡന്റ് ബി.സുഭാഷ്, സീഡ് എക്‌സിക്യുട്ടീവ് സുമിത് മോഹന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ പള്ളിപ്പുറം ജയകുമാര്‍, അസോസിയേഷന്‍ ഭാരവാഹി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന പ്രവര്‍ത്തനത്തിന്റെ സമാപനമാണ് ഞായറാഴ്ച നടന്നത്. നാനൂറിലധികം കുടുംബങ്ങളാണ് പ്ലാസ്റ്റിക് വിരുദ്ധപ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. ഞായറാഴ്ച രാവിലെ മുതല്‍ തന്നെ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളിലെത്തി അവശേഷിക്കുന്ന പ്ലാസ്റ്റിക്കുകളും നീക്കം ചെയ്തു. ഇനി ഈ വീടുകളില്‍ പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് പകരം തുണിസഞ്ചികളായിരിക്കും ഉപയോഗിക്കുക. പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ കൊണ്ടുപോയാണ് സംസ്‌കരിച്ചത്.