പൂവാര്‍: മാലിന്യം തള്ളാനുള്ള കേന്ദ്രമായി എ.വി.എം. കനാല്‍ മാറുന്നു. കനാല്‍ സംരക്ഷിക്കാന്‍ പദ്ധതികളില്ലാത്തതിനാല്‍ കനാല്‍ ഭാഗങ്ങള്‍ പലയിടത്തും കൈയേറിയിട്ടുമുണ്ട്. നൂറുകണക്കിന് ആളുകള്‍ ആശ്രയിച്ചിരുന്ന കനാലിലൂടെ ഇപ്പോള്‍ മലിനജലം മാത്രമാണ് ഒഴുകുന്നത്.
തിരുവിതാകൂര്‍ മഹാരാജാവായിരുന്ന ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ചരക്ക് ഗതാഗതത്തിനു നിര്‍മിച്ചതാണ് കനാല്‍. തിരുവനന്തപുരത്തെയും കന്യാകുമാരിയെയും ബന്ധിപ്പിക്കുന്ന കനാല്‍ സ്വര്‍ണ തൂമ്പ കൊണ്ടാണു നിര്‍മാണം തുടങ്ങിയത്. ബ്രിട്ടീഷ് രാജ്ഞി യുടേയും പേരു ചേര്‍ത്താണ് കനാലിനു അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍ എന്നു നാമകരണം ചെയ്തത്.
സംസ്ഥാനം രൂപവത്കരിച്ചപ്പോള്‍ കനാല്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും ഭാഗമായി. അതിനാല്‍ ജലപാതയെ ഇരുസര്‍ക്കാരുകളും സംരക്ഷിക്കാതെയായി. ഇതോടെ കനാല്‍ ഭാഗങ്ങളില്‍ പലയിടത്തും ൈകയേറ്റവും തുടങ്ങി. ചിലയിടത്ത് വീടുകളും വച്ചു. മറ്റു ചിലയിടങ്ങളില്‍ കൃഷി നടത്തിയും പലരും സ്വന്തമാക്കി.
പൂവാര്‍ ചെറിയ പാലം മുതല്‍ കനാലിന്റെ ഭാഗം തുടങ്ങുന്നു. മാലിന്യനിക്ഷേപവും ഇവിടെനിന്നു ആരംഭിക്കും. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഇറച്ചിവെട്ട് കേന്ദ്രങ്ങള്‍, ചന്തകള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ മുഴുവന്‍ കനാലില്‍ കൊണ്ടിട്ടുനിറയ്ക്കുന്നു. പൊഴിയുര്‍ ഭാഗങ്ങളില്‍ തൊണ്ട് ചീയാനിടുന്നതും കനാലിലാണ്. ഇവ ചീഞ്ഞളിഞ്ഞ് കനാല്‍ പ്രദേശത്താകെ ദുര്‍ഗന്ധം പരക്കുകയാണ്. കൂടാതെ കനാല്‍ഭാഗങ്ങളില്‍ ഇപ്പോള്‍ ജലയാത്രകളും നടക്കുന്നു. ഇതിലെ യാത്രക്കാരും ആഹാരാവശിഷ്ടങ്ങള്‍ കനാലില്‍ വലിച്ചെറിയും. കനാല്‍ ആരും സംരക്ഷിക്കാതായതോടെ ൈകയേറ്റവും വ്യാപകമായി. 20 മീറ്ററിലധികം വീതിയുണ്ടായിരുന്ന കനാലിന് ഇപ്പോള്‍ പലയിടത്തും അഞ്ചുമീറ്ററോളമേയുള്ളൂ.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും നൂറുകണക്കിനാളുകള്‍ക്ക് ജലത്തിനായി കനാലിനെ ആശ്രയിക്കേണ്ടിവരുന്നു. കനാല്‍ മലിനമായതോടെ പല കുടിവെള്ള സ്രോതസുകളുടെയും നിലനില്‍പ്പിനും ഭീഷണിയായിട്ടുണ്ട്. കനാലിനെ കൂടുതല്‍ മലിനമാക്കിയാല്‍ ജനങ്ങള്‍ കൈയൊഴിയും. അപ്പോള്‍ ൈകയേറ്റത്തിലൂടെ കനാല്‍ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് കൈയേറ്റ സംഘങ്ങള്‍. അതുകൊണ്ട് വിഴിഞ്ഞം തുറമുഖം വരുന്നതിനാല്‍ കനാല്‍ ജലഗതാഗതത്തിനു തുറന്നുകൊടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.