പൂവാര്‍: തിരുവിതാംകൂര്‍ ചരിത്രത്തില്‍ പൂവാറില്ല. ഇവിടം പോക്കുമൂസാപുരമായിരുന്നു. ഇവിടത്തെ അനന്ത വിക്ടോറിയ മാര്‍ത്താണ്ഡം (എ.വി.എം.) കനാലും ചരിത്രത്തിന്റെ ഭാഗമാണ്. ആറില്‍ പൂവ് ചൊരിഞ്ഞ് പോക്കുമൂസാപുരത്തെ പൂവാറാക്കിയ കോവളമരം(സമുദ്രക്കായ്) ചരിത്രസാക്ഷിയായി കനാലിന്റെ തീരത്തുണ്ട്. അവസാന കണ്ണിയാണ് തലയെടുപ്പോടെ എ.വി.എം. കനാലിന്റെ തീരത്ത് നില്‍ക്കുന്നത്.
പോക്കുമൂസാപുരത്തിന്റെ ചരിത്രമറിയാന്‍ രണ്ടുനൂറ്റാണ്ട് പിന്നിലേക്ക് പോകണം. തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡവര്‍മ്മക്ക് അഭയം നല്‍കിയതു മുതലാണ് സംഭവങ്ങളുടെ ചുരുള്‍ നിവരുന്നത്. എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഒളിവില്‍ കഴിയുന്നതിനിടെ മാര്‍ത്താണ്ഡവര്‍മ്മ നെയ്യാറ്റിന്‍കരയിലെ അമ്മച്ചിപ്ലാവിലൊളിച്ചു. അവിടെനിന്ന് നേരെ എത്തിയത് ആറിന്റെ തെക്കെ അറ്റത്തെ പോക്കുമൂസാപുരത്താണ്. ഇവിടെ നെയ്യാറിന്‍ തീരത്തെ പ്രകൃതിഭംഗി അദ്ദേഹത്തെ ആകര്‍ഷിച്ചു. തീരത്ത് നിരനിരയായി നിന്നിരുന്ന കോവളമരത്തിന്റെ പൂക്കള്‍ വീണ് ആറ് പൂനിറഞ്ഞൊഴുകി. ഇതുകണ്ട യുവരാജാവ് പറഞ്ഞുപോയെത്രേ ഇത് പൂ ആറാണല്ലോ. ഈ വിശേഷണമാണ് പോക്കുമൂസാപുരത്തെ പൂവാറാക്കിയതെന്ന് പഴമക്കാര്‍ പറയുന്നു.
കപ്പല്‍പ്പടയും യോദ്ധാക്കളും സ്വന്തമായുണ്ടായിരുന്ന പോക്കുമൂസാ മരയ്ക്കാരുടെ തറവാടാണ് മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് പൂവാറില്‍ അഭയം നല്‍കിയത്. ഇവിടത്തെ കല്ലറയ്ക്കല്‍ വീട്ടിലെ ഉമ്മ മാര്‍ത്താണ്ഡവര്‍മ്മയെ ഒളിപ്പിച്ചശേഷം പിന്നാലെയെത്തിയ ശത്രുക്കളെ വഴിതെറ്റിച്ചു വിട്ടു. അതുകൊണ്ടുതന്നെ രാജാവായപ്പോള്‍ മാര്‍ത്താണ്ഡവര്‍മ്മ പോക്കുമൂസയെ കൊട്ടാരത്തില്‍ വിളിച്ച് സര്‍വസ്വാതന്ത്ര്യവും നല്‍കി പൂവാര്‍ മുതലാളി എന്ന സ്ഥാനപ്പേരുമിട്ടു. ധര്‍മ്മരാജായുടെ കാലത്ത് കേശവപിള്ളയെ രാജാകേശവദാസെന്ന ഉന്നതപദവിയിലെത്തിക്കുന്നതിനും പൂവാര്‍ മുതലാളിയായിരുന്നു പിന്നിലുണ്ടായിരുന്നത്. അലഞ്ഞു നടന്ന കേശവന്‍ വന്നെത്തിയതും കുട്ടിക്കാലം െചലവഴിച്ചതും പൂവാറിലാണ്. പോക്കുമൂസ ഒരുനാള്‍ കേശവനെയും കൊണ്ട് കൊട്ടാരത്തിലെത്തി. എന്നാല്‍ തിരികെ പോരുമ്പോള്‍ കേശവന്റെ കാര്യം മറന്നുപോയി. കൊട്ടാരത്തിന്റെ ഒരുമൂലയില്‍ അര്‍ധ നഗ്നനായി കിടന്നുറങ്ങിയ കേശവനാണ് പിറ്റേന്ന് രാജാവിന് കണിയായത്. ആ കാഴ്ച ദുഃശകുനമായികണ്ട രാജാവ് കേശവനെ തുറുങ്കിലടച്ചു. എന്നാല്‍ ഭക്ഷ്യക്ഷാമമുണ്ടായിരുന്ന തിരുവിതാംകൂറില്‍ അന്നേദിവസം ഭക്ഷ്യധാന്യങ്ങള്‍ നിറച്ച കപ്പല്‍ തീരത്തണഞ്ഞു. അങ്ങനെ കണിഫലം ശുഭമായികണ്ട് കേശവനെ മോചിപ്പിച്ച് കൊട്ടാരത്തിലെ ജോലിക്ക് നിയോഗിച്ചു. അവിടുന്നാണ് കേശവന്റെ ഉയര്‍ച്ച തുടങ്ങുന്നത്. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് പൂവാറിലൂടെ കടന്നുപോകുന്ന അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍ നിര്‍മ്മിച്ചത്. കനാലിന് തിരുവിതാംകുറിന്റെയും ബ്രട്ടീഷ് രാജ്ഞിയുടെയും പേരും ചേര്‍ത്ത് അനന്തവിക്ടോറിയ മാര്‍ത്താണ്ഡം കനാല്‍ എന്ന് നാമകരണം ചെയ്തു. തിരുവിതാംകൂറില്‍ കപ്പല്‍ ഗതാഗതത്തിനാണ് കനാല്‍ നിര്‍മ്മിച്ചത്. സ്വര്‍ണ്ണതൂമ്പകൊണ്ടാണ് കനാലിന്റെ നിര്‍മ്മാണം തുടങ്ങിയത് എന്നാണ് ചരിത്രം. കൊച്ചിമുതല്‍ തമിഴ്‌നാട്ടിലെ കുളച്ചല്‍ വരെയാണ് കനാലിന്റെ ഭാഗം. കോവളം മുതല്‍ പൂവാര്‍ വരെയുള്ള ഭാഗം ൈകയേറ്റത്താല്‍ മണ്‍മറഞ്ഞു. അതിനാല്‍ എ.വി.എം. കനാലിന്റെ തുടക്കം ഇന്ന് പൂവാറാണ്.