പാറശ്ശാല: നിര്‍മല്‍ കൃഷ്ണ ബാങ്ക് ഉടമ നിര്‍മലനെയും ബിനാമികളെയും അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ സായാഹ്നധര്‍ണ സംഘടിപ്പിച്ചു. പാറശ്ശാല പോസ്റ്റോഫീസ് ജങ്ഷനില്‍ നടത്തിയ ധര്‍ണ ബി.ജെ.പി. പാറശ്ശാല നിയോജകമണ്ഡലം പ്രസിഡന്റ് കൊല്ലയില്‍ അജിത്ത് ഉദ്ഘാടനം ചെയ്തു.

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തംഗം വൈ.സതീഷ്, ബി.ജെ.പി. പാറശ്ശാല നിയോജകമണ്ഡലം സെക്രട്ടറി മണികണ്ഠന്‍, കര്‍മസമിതി അധ്യക്ഷന്‍ ബാഹുലേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ധര്‍ണയ്ക്ക് മുന്നോടിയായി നിക്ഷേപകരുടെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ പ്രകടനം നടത്തി.

കോണ്‍ഗ്രസ് സായാഹ്നധര്‍ണയില്‍നിന്ന് വിട്ടുനിന്നു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധര്‍ണയില്‍ മുന്‍ മന്ത്രിയെ പിടികൂടണമെന്ന് രേഖപ്പെടുത്തിയ ഫ്‌ളക്‌സ്‌ബോര്‍ഡ് പ്രദര്‍ശിപ്പിച്ചതിനാലാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നത്. കര്‍മസമിതി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വിട്ടുനിന്നത്.

നിര്‍മല്‍ കൃഷ്ണനെ സഹായിക്കുന്ന എല്‍.ഡി.എഫ്. നേതാക്കളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പാറശ്ശാലയില്‍ പ്രകടനം നടത്തി. കെ.പി.സി.സി. സെക്രട്ടറി ആര്‍.വത്സലന്‍, പാറശ്ശാല മണ്ഡലം പ്രസിഡന്റ് കൊല്ലിയോട് സത്യനേശന്‍, പാറശ്ശാല ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.