പുല്ലുവിള: അഞ്ചുവയസ്സുകാരി അഭയക്ക് അറിയേണ്ടത് അച്ഛന്‍ മീനുമായി എപ്പോള്‍ വരുമെന്നാണ്. നാലുമാസം പ്രായമുള്ള അനുജന്‍ ഗോഡ്‌സണെ മടിയിലിരുത്തി അഞ്ചുവയസ്സുകാരി അഭയ കടലില്‍ ചൂണ്ടി പറയുന്നു- ''മോന്‍ കരയണ്ട അച്ഛന്‍ ഇന്നുവരും''.

അടിമലത്തുറ കടപ്പുറത്ത് കടലില്‍ കാണാതായവരുടെ ബന്ധുക്കള്‍ കഴിയുന്ന ഷെഡ്ഡിലാണ് കാണുന്നവരുടെ കരളലിയിപ്പിക്കുന്ന കാഴ്ചകള്‍.

അടിമലത്തുറ അഭയകോട്ടേജില്‍ ലോറന്‍സി(35)ന്റെ മക്കളാണ് അഭയയും ഗോഡ്‌സണും. മക്കളുടെ ചോദ്യത്തിനുമുന്നില്‍ കരഞ്ഞുതളര്‍ന്നിരിക്കുകയാണ് ലോറന്‍സിന്റെ ഭാര്യ സെലിന്‍. കഴിഞ്ഞ 28-നാണ് ലോറന്‍സ് അടിമലത്തുറയില്‍നിന്ന് പത്തുപേരോടൊപ്പം കടലില്‍ പോയത്. അടുത്തദിവസം തിരിച്ചെത്തേണ്ടതായിരുന്നു.

കാണാതായ ലോദ്ദാന്റെ മക്കളായ സൈജുവും ഡയാനയും സിബിനും സ്‌നേഹയും അച്ഛനേയും കാത്ത് അമ്മ സെല്‍വിയ്‌ക്കൊപ്പം കൂട്ടത്തിലുണ്ട്. സില്‍വയ്യന്റെ ഭാര്യ ഷീജനും മക്കളായ അന്തോണീസും ജേക്കബും കരഞ്ഞുതളര്‍ന്ന് മറ്റൊരിടത്തിരിക്കുന്നു. അന്തോണീസിന്റെ ഭാര്യ മേരി, മക്കളായ സില്‍വയ്യന്‍ ജനി, തദയൂസ് ജസീന്ത്, ആന്റണിയുടെ ഭാര്യ റോസിലി, മക്കളായ സുധ, മാര്‍ട്ടിന്‍, അലക്‌സാണ്ടര്‍. വിക്ടസിന്റെ ഭാര്യ സുമ, അന്തോണിയുടെ ഭാര്യ മേഴ്‌സി, മക്കളായ പ്രദീപ് പ്രകാശ്, പ്രവീണ, പ്രവീണ്‍.... വഴിക്കണ്ണുമായി കാത്തിരിക്കുകയാണ് ഇവരെല്ലാം.