നെയ്യാറ്റിന്‍കര: തരിശിട്ടിരുന്ന വട്ടവിള കയണിയോട് പാടത്തു നടത്തിയ നെല്‍ക്കൃഷിയില്‍ നൂറുമേനി വിളവെടുപ്പ്. പത്തുവര്‍ഷത്തിന് ശേഷമാണ് കയണിയോട് പാടത്ത് കൊയ്ത്ത് നടക്കുന്നത്. വിളവെടുപ്പുത്സവത്തിന്റെ ഉദ്ഘാടനം കെ.ആന്‍സലന്‍ എം.എല്‍.എ. നിര്‍വഹിച്ചു.

ജലസേചന സൗകര്യമില്ലാത്തതിനാല്‍ വര്‍ഷങ്ങളായി ചെങ്കല്‍ പഞ്ചായത്തിലെ വട്ടവിള കയണിയോട് പാടം തരിശായി കിടക്കുകയായിരുന്നു. മരച്ചീനിക്കും വാഴക്കൃഷിക്കും നെല്‍ക്കൃഷി വഴിമാറിയതോടെയാണ് ഇവിടെ നെല്‍പ്പാടങ്ങള്‍ ഇല്ലാതായത്. തുടര്‍ന്ന് തരിശുനിലങ്ങളില്‍ കൃഷി ചെയ്യാന്‍ പഞ്ചായത്തും കൃഷിഭവനും തയ്യാറായതോടെയാണ് കയണിയോട്ട് വീണ്ടും നെല്‍ക്കൃഷി തുടങ്ങിയത്.

പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചാലുകള്‍ വൃത്തിയാക്കി തരിശുപാടത്ത് വെള്ളമെത്തിച്ചു. തുടര്‍ന്ന് കൃഷി തുടങ്ങി. ആദ്യം 50 സെന്റിലാണ് കൃഷിയിറക്കിയത്. ജൈവവളമുപയോഗിച്ചാണ് കൃഷി ചെയ്തത്. കൃഷിയില്‍ മികച്ച വിളവാണ് ലഭിച്ചതെന്ന് കൃഷി അസിസ്റ്റന്റ് കെ.എം.സുനില്‍കുമാര്‍ പറഞ്ഞു. അടുത്ത കൃഷി തുടങ്ങാന്‍ നടപടിയായെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ മുഴുവന്‍ തരിശുപാടത്തും കൃഷി ഇറക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാര്‍, പഞ്ചായത്തംഗങ്ങളായ രാധമ്മ, എസ്.രാജ്കുമാര്‍, പ്രശാന്ത്, വി.എസ്.ജയറാം, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജയറാണി, കൃഷി ഓഫീസര്‍ ടി.എം.ജോസഫ്, കൃഷി അസിസ്റ്റന്റുമാരായ കെ.എം.സുനില്‍കുമാര്‍, വൈ.എസ്.ഷീജ എന്നിവര്‍ പങ്കെടുത്തു.