നെയ്യാറ്റിന്‍കര: തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും കൂടതല്‍ തീവണ്ടികള്‍ നിര്‍ത്തുന്ന സ്റ്റേഷനാണ് നെയ്യാറ്റിന്‍കര. ദിവസവും ആയിരത്തിലേറെ യാത്രക്കാരാണ് ഈ സ്റ്റേഷനില്‍ നിന്നു യാത്ര ചെയ്യുന്നത്. ഇത്രയൊക്കെയാണെങ്കിലും ഈ സ്റ്റേഷനില്‍ വികസനമില്ല.

തിരുവനന്തപുരം-കന്യാകുമാരി പാത നിലവില്‍വന്ന വര്‍ഷമാണ് നെയ്യാറ്റിന്‍കര സ്റ്റേഷന്‍ സ്ഥാപിച്ചത്. തുടക്കത്തില്‍ നടപ്പിലാക്കിയ വികസനമല്ലാതെ പിന്നീട് ഒന്നും നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പ്രധാന കെട്ടിടത്തോട് ചേര്‍ന്നുള്ള മേല്‍ക്കൂരയല്ലാതെ പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂരയില്ല.

പെട്ടെന്ന് മഴ വന്നാല്‍ യാത്രക്കാര്‍ നനഞ്ഞതുതന്നെ. രണ്ട് പ്ലാറ്റ്‌ഫോമിനു മുകളിലായി മേല്‍ക്കൂര സ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ നടപ്പിലായിട്ടില്ല. പത്തിലേറെ തീവണ്ടികള്‍ക്ക് ഇവിടെ സ്റ്റോപ്പുണ്ട്. എന്നാല്‍ ഇവിടെ യാത്രക്കാര്‍ക്കായി മൂത്രപ്പുരയോ, കക്കൂസോ ഇല്ല. ഒരു കക്കൂസ് ഉള്ളത് വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

ഇതുവഴി കടന്നുപോകുന്ന ആറ് തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും റെയില്‍വേ പരിഗണിച്ചിട്ടില്ല. പ്ലാറ്റ്‌ഫോമില്‍ കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും കുടിവെള്ളം ലഭിക്കാറില്ല. ഇവിടെ നേരത്തെ ഉണ്ടായിരുന്ന പാഴ്‌സല്‍ കൗണ്ടര്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.

ദീര്‍ഘദൂര യാത്രക്കാര്‍ വരെയുള്ള ഈ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വൈകീട്ട് അഞ്ച് മണി കഴിഞ്ഞാല്‍ അടച്ചിടുകയാണ് ചെയ്യുന്നത്. രാവിലെ പത്തുമുതല്‍ അഞ്ചുവരെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം. രാത്രിയിലും കൗണ്ടര്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.