നേമം: വാഴ വൈവിധ്യങ്ങളുമായി ദേശീയ വാഴ മഹോത്സവത്തിന് കല്ലിയൂരില്‍ ശനിയാഴ്ച രാവിലെ 10-ന് തുടക്കമാകും. 21 വരെ നടക്കുന്ന ഉത്സവം രാവിലെ 11-ന് കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാമോഹന്‍ സിങ് ഉദ്ഘാടനം ചെയ്യും. സുരേഷ്‌ഗോപി എം.പി. അധ്യക്ഷനാകും. പ്രദര്‍ശനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. എം.എല്‍.എ.മാരായ ഒ.രാജഗോപാല്‍, എം.വിന്‍സെന്റ്, ഐ.ബി.സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.

വെള്ളായണി ക്ഷേത്രത്തിനുമുന്നിലെ മൈതാനത്താണ് വേദിയൊരുക്കിയിരിക്കുന്നത്. വാഴ കര്‍ഷകര്‍, വ്യാപാരികള്‍, അക്കാദമി അംഗങ്ങള്‍, യന്ത്രസംവിധാന നിര്‍മാതാക്കള്‍, കാര്‍ഷിക- ജൈവ-സാങ്കേതിക സ്ഥാപനങ്ങള്‍, ഗവേഷകര്‍ എന്നിവരെ ഒരു കുടക്കീഴിലെത്തിച്ചുകൊണ്ട് ഇന്ത്യയില്‍ ലഭ്യമാകുന്ന വാഴകളുടെ വൈവിധ്യത്തെക്കുറിച്ചും അവയുടെ വ്യത്യസ്തമാര്‍ന്ന ഉപയോഗങ്ങളെക്കുറിച്ചും വ്യക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

26,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്രധാനകവാടവും കലാപരിപാടികള്‍ക്കുള്ള വേദിയും 153 പവിലിയനുകളും ഫുഡ് കോര്‍ട്ടും ഒരുങ്ങുന്നു.

തമിഴ്‌നാട്, കര്‍ണാടക, അരുണാചല്‍ പ്രദേശ്, അസം, പോണ്ടിച്ചേരി, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ ഇരുന്നൂറിലധികം പ്രദര്‍ശനസ്റ്റാളുകളുണ്ടാകും. രാവിലെ 10 മുതല്‍ രാത്രി 8 വരെ പ്രദര്‍ശനഹാളില്‍ പ്രവേശനമുണ്ടാകും. മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് ഫീസ്. വൈവിധ്യത്തിലുള്ള പഴങ്ങള്‍ കാണാനും രുചിക്കാനും പ്രദര്‍ശനത്തില്‍ അവസരമുണ്ടാകും.