നെടുമങ്ങാട്: കശ്മീരില്‍ എട്ടുവയസ്സുകാരി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം നടത്തിയ ഹര്‍ത്താല്‍ നെടുമങ്ങാട് താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു. പാലോട്, ആര്യനാട്, പറണ്ടോട്, തൊളിക്കോട്, പെരിങ്ങമ്മല, പാങ്ങോട്, പനവൂര്‍, അഴിക്കോട് എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.

തിങ്കളാഴ്ച രാവിലെ ജനകീയസമിതി എന്നപേരില്‍ ഒരുസംഘം ആളുകള്‍ നെടുമങ്ങാട് കച്ചേരിനട, ചന്തമുക്ക്, വാളിക്കോട്, പനവൂര്‍, പാലോട്, പെരിങ്ങമ്മല, തൊളിക്കോട് എന്നിവിടങ്ങളില്‍ സംഘടിച്ചെത്തി കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടപ്പിച്ചു. കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞു. ഹര്‍ത്താല്‍ അനുകൂലികള്‍ കെ.എസ്.ആര്‍.ടി.സി. ബസുകളുേെടനരേ തിരിഞ്ഞപ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നു.
 
പിന്നീട് യാത്രക്കാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ നെടുമങ്ങാട് സി.ഐ. സുരേഷ്‌കുമാര്‍ നെടുമങ്ങാട് കച്ചേരിനടയിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. കച്ചേരിനടയില്‍ റോഡില്‍ കുത്തിയിരുന്നു ഗതാഗതം തടസ്സപ്പെടുത്തിയ പതിനഞ്ചോളംപേരെ പോലീസ് അറസ്റ്റുചെയ്തു നീക്കംചെയ്തു.

ചുള്ളിമാനൂര്‍, പാങ്ങോട്, തൊളിക്കോട് എന്നിവിടങ്ങളില്‍ കച്ചവടക്കാരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി.