നെടുമങ്ങാട്: മൊബൈല്‍ ഫോണ്‍ വിപണനത്തിനിടയില്‍ ഉടമയില്‍ നിന്ന് 55 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ടി.ആര്‍.എ. 4-ല്‍ പ്രശാന്ത് രമേശ്, നെയ്യാറ്റിന്‍കര ഊരൂട്ടുകാല ഗവ. എച്ച്.എസ്.എസിന് സമീപം കണിയാംകോണം ഭവനില്‍ എസ്.സന്തോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണുകളുടെ വിതരണക്കാരനും മാളിക എന്റര്‍പ്രൈസസ് ഉടമയുമായ നെടുമങ്ങാട് സ്വദേശി രമേശ് പിള്ളയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. രമേശ് പിള്ളയില്‍നിന്നു വിലകൂടിയ നിരവധി ഫോണുകള്‍ വാങ്ങിയ ഇനത്തില്‍ 55 ലക്ഷത്തോളം രൂപ നല്‍കാതെ കബളിപ്പിച്ചുവെന്നാണ് കേസ്. മൊബൈല്‍ കമ്പനിയുടെ സംസ്ഥാനത്തെ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് പ്രശാന്ത് രമേശും സന്തോഷ് കുമാറും. ഇവര്‍ ഇരുവരും ചേര്‍ന്ന് രമേശ് പിള്ളയില്‍നിന്നു വിലപിടിപ്പുള്ള 370 ഓളം മൊബൈല്‍ ഫോണുകള്‍ പണംതരാമെന്നു പറഞ്ഞ് വാങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെയാണ് കേസുനല്‍കിയത്. ഇതേത്തുടര്‍ന്ന് രമേശ് പിള്ളയെ കൊല്ലുമെന്ന് പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് കേസ്.

ഇതുസംബന്ധിച്ച് 2015-ലാണ് രമേശ് പിള്ള നെടുങ്ങാട് പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രശാന്തിനെയും സന്തോഷ് കുമാറിനെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നിര്‍ദേശ പ്രകാരം നെടുമങ്ങാട് സി.ഐ. എസ്.എസ്.സുരേഷ് കുമാര്‍, ഷാഡോ പോലീസ് ആര്‍.ജയന്‍, ഷിബു, സുനിലാല്‍, സുനില്‍, നെവില്‍, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.