നാഗര്‍കോവില്‍: സ്വാമിത്തോപ്പ് അയ്യാ വൈകുണ്ഠ പതിക്കുള്ളില്‍ കടക്കാന്‍ശ്രമിച്ച തമിഴ്‌നാട് ദേവസ്വം അധികൃതരെ വിശ്വാസികള്‍ തടഞ്ഞു. ശനിയാഴ്ച രാവിലെ എച്ച്.ആര്‍. ആന്‍ഡ് സി.ഇ. ഇന്‍സ്‌പെക്ടര്‍ പൊന്നിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തെയാണ് വിശ്വാസികള്‍ തടഞ്ഞത്.

കന്യാകുമാരി ജില്ലയിലെ പ്രധാന വൈകുണ്ഠപതിയായ സ്വാമിത്തോപ്പ് വര്‍ഷങ്ങളായി പ്രത്യേക ഭരണസമിതിയുടെ നിയന്ത്രണത്തിലാണ്. ഇരുവിഭാഗത്തിന്റെ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് തമിഴ്‌നാട് ദേവസ്വം പതിയെ നിയന്ത്രണത്തിലാക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനെതിരേ പതിയിലെ ഭരണസമിതി കോടതിയെ സമീപിച്ചെങ്കിലും ദേവസ്വം നടപടിക്ക് തടസ്സമില്ലെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ വൈകുണ്ഠ ജയന്തിക്ക് ദേവസ്വം അധികൃതര്‍ പതിക്കുള്ളില്‍ക്കയറി കാണിക്കത്തുക എടുത്തപ്പോള്‍ തടയാന്‍ ശ്രമിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. വിശ്വാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുള്ളതിനാല്‍ നടപടികളുടെ വേഗതകുറച്ച ദേവസ്വം അധികൃതര്‍ ശനിയാഴ്ച അപ്രതീക്ഷതമായാണ് പതിക്കുള്ളില്‍ കടക്കാന്‍ ശ്രമം നടത്തിയത്.