നാഗര്‍കോവില്‍: കേരളത്ത് നിപ വൈറസ് പനി പടരുന്നത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കന്യാകുമാരി ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയതായി അധികൃതര്‍. ജില്ലയില്‍ നിപ വൈറസ് പനി ബാധിച്ച് ആരും ചികിത്സയ്ക്കായി എത്തിയിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടികള്‍ എന്ന നിലയ്ക്ക് ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച് എത്തുന്നവരുടെ വിവരം ആരോഗ്യവകുപ്പിന് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതായി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.മധുസൂദനന്‍ പറഞ്ഞു.

നിപ വൈറസ് പനിയുടെ ലക്ഷണങ്ങള്‍ രോഗികളില്‍ കണ്ടാല്‍ പുണെയിലുള്ള ലാബില്‍ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ അയയ്ക്കണം. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍നിന്നു വരുന്ന രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നു നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു.