നാഗര്‍കോവില്‍: തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിന്റെ പ്രചാരണാര്‍ഥം നടന്‍ കമല്‍ഹാസന്‍ ബുധനാഴ്ച കന്യാകുമാരി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി.

വിദ്യാഭ്യാസവും, ആരോഗ്യവും, സത്യസന്ധതയുമാണ് തമിഴ്‌നാടിന്റെ ഉയര്‍ച്ചയ്ക്ക് ആവശ്യം. ജനങ്ങളില്‍ മാത്രമല്ല രാഷ്ട്രീയക്കാരിലും സത്യസന്ധത ഉണ്ടാകണം. രാഷ്ട്രീയ വിമര്‍ശനങ്ങളല്ല നേതാക്കളില്‍ നിന്ന് ജനം ആഗ്രഹിക്കുന്നത്. തമിഴ്‌നാടിന്റെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷ സഫലമാക്കാന്‍ മക്കള്‍ നീതിമയ്യത്തിന് ആകുമെന്നാണ് വിശ്വാസമെന്നും കമല്‍ഹാസന്‍ തെന്‍താമരക്കുളത്ത് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയോടെ കന്യാകുമാരിയില്‍ എത്തിയ കമല്‍ഹാസന്‍ ബുധനാഴ്ച രാവിലെ 9-ന് ഗാന്ധിമണ്ഡപത്തിലെ സ്മാരക പീഠത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് പര്യടനം തുടങ്ങിയത്. കന്യാകുമാരി റെയില്‍വേ സ്റ്റേഷന്‍, തെന്‍താമരക്കുളം, മണക്കുടി, കുളച്ചല്‍, കരുങ്കല്‍, ചിന്നത്തുറ, കളിയിക്കാവിള, മേല്‍പ്പുറം, അഴകിയമണ്ഡപം, തക്കല എന്നിവിടങ്ങളില്‍ പര്യടനത്തിനുശേഷം നാഗര്‍കോവിലില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു.