നാഗര്‍കോവില്‍: വേനലവധിക്ക് കന്യാകുമാരി ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്ക്. കഴിഞ്ഞ ഒരാഴ്ചയായി കന്യാകുമാരി, തൃപ്പരപ്പ്, പദ്മനാഭപുരം കൊട്ടാരം ഉള്‍പ്പെടെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം തിരക്കാണ്. കഴിഞ്ഞ ഞായറാഴ്ച സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കുകാരണം കന്യാകുമാരിയിലും, തൃപ്പരപ്പിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കന്യാകുമാരിയിലും, തൃപ്പരപ്പിലുമാണ് സഞ്ചാരികളുടെ വന്‍തിരക്ക് അനുഭവപ്പെടുന്നത്.

കന്യാകുമാരിയില്‍ കടലിലൂടെ ബോട്ട് യാത്രചെയ്ത് ഞായറാഴ്ച ദിവസം വിവേകാനന്ദാമണ്ഡപം സന്ദര്‍ശിച്ചത് 8700 പേര്‍. മൂന്ന് ബോട്ടുകള്‍ പതിവായി സര്‍വീസ് നടത്താറുെണ്ടങ്കിലും കഴിഞ്ഞ ഏതാനും ആഴ്ചകളായി രണ്ട് ബോട്ടുകളാണ് സര്‍വീസ് നടത്തുന്നത്. ഗുഹന്‍ബോട്ട് സര്‍വീസിന് ഒതുക്കിയിരുക്കുകയാണ്. വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാനാകാത്തതിനാല്‍ ബോട്ടിന്റെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഗുഹനെ 17-ന് കന്യാകുമാരിയില്‍ എത്തിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടതായി അധികൃതര്‍ അറിയിച്ചു. 18 മുതല്‍ ഗുഹന്‍ സര്‍വീസ് നടത്തും.