നാഗര്‍കോവില്‍: വീട്ടിലെ ദോഷം തീര്‍ക്കാന്‍ പ്രത്യേകപൂജ നടത്താനെന്നു കബളിപ്പിച്ച് 23 പവന്‍ ആഭരണങ്ങളുമായി മുങ്ങിയ സ്ത്രീക്കായി ഇരണിയല്‍ പോലീസ് തിരച്ചില്‍ നടത്തുന്നു. നെയ്യൂര്‍ നെല്ലിയാര്‍കോണം കാട്ടുവിള സ്വദേശി മുരുകേശന്റെ ഭാര്യ ലില്ലി മേരിക്കാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്.

തിങ്കള്‍ച്ചന്ത ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് ലില്ലിമേരിയും സ്ത്രീയും പരിചയപ്പെട്ടത്. വീട്ടിലെ ദോഷവും ഭര്‍ത്താവിന്റെ അസുഖവും മാറാന്‍ പ്രത്യേകപൂജ ചെയ്യാന്‍ ലില്ലിമേരിയോട് ഇവര്‍ ഉപദേശിച്ചു. ലില്ലിമേരിയുടെ സമ്മതത്തോടെ പൂജ നടത്തിയ സ്ത്രീ വീട്ടിലെ ചില ആഭരണങ്ങളും പട്ടുസാരികളും അടുത്തുള്ള കുരിശടിയില്‍ വച്ച് പ്രാര്‍ഥിച്ചു നല്‍കി. ഒരു മാസത്തിനു ശേഷം വീണ്ടും പൂജ നടത്താനായി ഇവരെത്തി. കുരിശടിയില്‍ പ്രാര്‍ഥനയ്ക്ക് എന്ന പേരില്‍ 23 പവന്‍ ആഭരണങ്ങളും മൂന്നു പട്ടുസാരിയും വാങ്ങി പോയ സ്ത്രീ മടങ്ങിയെത്തിയില്ല. ഇതേത്തുടര്‍ന്നു വീട്ടുകാര്‍ ഇരണിയല്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.