നാഗര്‍കോവില്‍: നാലുകോടി രൂപ ചെലവില്‍ നിര്‍മിച്ച സ്വര്‍ണരഥം സമര്‍പ്പിച്ചതോടെ മണ്ടയ്ക്കാട് ഭഗവതീക്ഷേത്രം സ്വര്‍ണരഥമുള്ള ജില്ലയിലെ ഏക ക്ഷേത്രമെന്ന ബഹുമതിയിലേക്ക്. ചിത്രാപൗര്‍ണമി ദിനമായ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ക്ഷേത്ര നടയില്‍െവച്ച് സ്വര്‍ണരഥത്തെ ദേവസ്വം അധികൃതര്‍ക്ക് കൈമാറി.

തുടര്‍ന്ന് രഥത്തിന് വിശേഷപൂജകള്‍ നടത്തി ദേവിയെ പ്രതിഷ്ഠിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തി. ചടങ്ങില്‍ വെള്ളിമല വിവേകാനന്ദാശ്രമ മഠാധിപതി ചൈതന്യാനന്ദജി മഹരാജ്, ആര്‍.എസ്.എസ്. ജില്ലാസംഘ ചാലക് പ്രശോഭകുമാര്‍, ദേവസ്വം അധികൃതര്‍ എന്നിവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു.

തേക്കുമരത്തില്‍ പണിത രഥത്തെ സ്വര്‍ണരഥമാക്കാന്‍ 350 കിലോ ചെമ്പും, 10 കിലോ സ്വര്‍ണവും ഉപയോഗിച്ചിട്ടുണ്ട്. രഥം നിര്‍മിച്ച മയിലാടിയില്‍നിന്ന് ശനിയാഴ്ച രാത്രിയോടെ കന്യാകുമാരി ഭഗവതീക്ഷേത്രത്തിലും, ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തിലും എത്തിച്ച് വിശേഷപൂജകള്‍ നടത്തിയാണ് മണ്ടയ്ക്കാട്ട് എത്തിച്ചത്. ആറ്റുകാല്‍ ദേവിയുടേത് ഉള്‍പ്പെടെ 32 പ്രധാന ദേവീരൂപങ്ങള്‍ രഥത്തില്‍ കൊത്തിവെച്ചിട്ടുണ്ട്. 32 ക്ഷേത്രങ്ങളില്‍നിന്ന് പൂജിച്ചുകൊണ്ടുവന്ന വസ്ത്രങ്ങളും, പൂജാദ്രവ്യങ്ങളും രഥത്തില്‍ ചാര്‍ത്തിയാണ് മണ്ടയ്ക്കാട് ദേവിയെ എഴുന്നള്ളിച്ചത്.