നാഗര്‍കോവില്‍: ശക്തമായ തിരമാലകളോടെ കടല്‍ക്ഷോഭം രണ്ടാംദിവസവും തുടര്‍ന്നപ്പോള്‍ തീരദേശ ഗ്രാമങ്ങള്‍ ദുരിതത്തിലായി. ജില്ലയിലെ 50 ഓളം തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളും, കുടുംബാംഗങ്ങളും പരിഭ്രാന്തിയിലാണ്. കന്യാകുമാരിയില്‍ ഞായറാഴ്ചയും ബോട്ട് സര്‍വീസ് നിര്‍ത്തിവച്ചു.

നീരോടി, മാര്‍ത്താണ്ഡന്‍തുറ, ചിന്നത്തുറ, തൂത്തൂര്‍ ഭാഗങ്ങളില്‍ കടലേറ്റമുണ്ടായി. മാര്‍ത്താണ്ഡന്‍ തുറയിലെ മത്സ്യത്തൊഴിലാളികളെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. കടല്‍ക്ഷോഭത്തില്‍ നിരവധി ബോട്ടുകള്‍ക്കും, വള്ളങ്ങള്‍ക്കും നാശമുണ്ടായി. മണവാളക്കുറിച്ചിക്കടുത്ത് ആഴിക്കാല്‍ തീരത്ത് 50 വീടുകള്‍ വെള്ളത്തിലായി. ജനങ്ങളെ അരുകിലുള്ള ഓഡിറ്റോറിയത്തിലേക്ക് മാറ്റി. കുളച്ചലിനടുത്ത് കുറുമ്പനയില്‍ ശക്തമായ തിരമാലയില്‍ നാലുവീടുകള്‍ തകര്‍ന്നു. തീരദേശഗ്രാമങ്ങളിലെ നാശനഷ്ടങ്ങള്‍ ജില്ലാ കളക്ടര്‍ നേരില്‍ക്കണ്ട് വിലയിരുത്തി.