നാഗര്‍കോവില്‍: പാര്‍വതിപുരം മേല്‍പ്പാല നിര്‍മാണങ്ങള്‍ക്കു സൗകര്യം ഒരുക്കുന്നതിനായി ശനിയാഴ്ച മുതല്‍ നാഗര്‍കോവിലിലേക്കു പോകുന്ന വാഹനങ്ങള്‍ മറ്റു പാതയിലേക്കു തിരിച്ചുവിടും. തിരുവനന്തപുരം, തക്കല ഭാഗങ്ങളില്‍നിന്നു വരുന്ന വാഹനങ്ങള്‍ പാര്‍വതിപുരത്തിനു മുന്‍പിലായി കള്ളിയങ്കാട്ടുനിന്ന് ഇടതുഭാഗത്തേക്കു തിരിച്ചുവിടും.

ഇറച്ചകുളം, പുത്തേരി വഴി നാഗര്‍കോവിലിലെത്താം. തിരുനെല്‍വേലിക്കു പോകുന്ന വാഹനങ്ങള്‍ ഇറച്ചകുളം, ചെമ്പകരാമന്‍പുതൂര്‍ വഴി ആരല്‍വായ്‌മൊഴിയിലെത്താം. കാറുകളും ഇരുചക്രവാഹനങ്ങളും ഇറച്ചകുളം ചാനല്‍ കരയിലൂടെ കട്ടയന്‍വിള വഴി നാഗര്‍കോവില്‍ വെട്ടൂര്‍ണിമഠത്തിനടുത്തു കയറാം. നാഗര്‍കോവിലില്‍നിന്ന് തിരുവനന്തപുരത്തേക്കു പോകുന്ന വാഹനങ്ങള്‍ കഴിഞ്ഞ 16മുതല്‍ മറ്റുപാതയിലാണ് ചെല്ലുന്നത്. 15ദിവസം ഇതേ രീതിയില്‍ തുടരുമെന്നു ജില്ലാകളക്ടര്‍ അറിയിച്ചു.