നാഗര്‍കോവില്‍: കന്യാകുമാരി ജില്ലയിലെ സ്വാമിത്തോപ്പില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനായി രണ്ടാംഘട്ട പരിശോധന നടത്തി. സ്വാമിത്തോപ്പിലെ ഉപ്പളത്തില്‍ വിമാനത്താവളം സ്ഥാപിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപടികള്‍ സ്വീകരിക്കുകയാണ്. സാധ്യതാപഠനത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ 13.5 ലക്ഷം അനുവദിച്ചിരുന്നു. നാലു മാസം മുന്‍പ് ജി.പി.എസ്. സഹായത്തോടെ ഉപ്പളം ഭാഗത്തെ 800 ഏക്കര്‍ സ്ഥലത്തു നടത്തിയ പരിശോധനാ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാനമന്ത്രാലയത്തിനു സമര്‍പ്പിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ബുധനാഴ്ച അധികൃതര്‍ രണ്ടാംഘട്ട പരിശോധന നടത്തിയത്. കേന്ദ്ര വ്യോമയാനമന്ത്രാലയത്തിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുധേ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.