നാഗര്‍കോവില്‍: കന്യാകുമാരിയില്‍ അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ സ്ഥാപിക്കുന്നതിന് പ്രതിഷേധമറിയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രതിഷേധപ്രകടനത്തില്‍ സ്ത്രീകളുള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.

നാഗര്‍കോവില്‍ കളക്ടറേറ്റിനുമുന്നില്‍ ശനിയാഴ്ച നടത്താനിരുന്ന പ്രകടനം പോലീസ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കന്യാകുമാരിക്കടുത്ത് കോവളം തീരത്താണ് നടത്തിയത്. വള്ളങ്ങളില്‍ കയറി കടലില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തിയപ്പോള്‍ സ്ത്രീകള്‍ കടല്‍ത്തീരത്ത് പ്രകടനംനടത്തി. തീരപ്രദേശങ്ങളില്‍ കറുത്ത കൊടി സ്ഥാപിച്ചും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രതിഷേധം. മത്സ്യത്തൊഴിലാളികളുടെ പ്രകടനത്തെത്തുടര്‍ന്ന് തീരദേശങ്ങളിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും ശനിയാഴ്ച വന്‍ സുരക്ഷാക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരുന്നത്.