നാഗര്‍കോവില്‍: മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ ഏഴുകോടി ചെലവിട്ടുനിര്‍മിച്ച തങ്കത്തേര് ചിത്രാപൗര്‍ണമി ദിവസമായ 29-ന് സമര്‍പ്പിക്കും. 11 അടി ഉയരവും 15 അടി നീളവും 9 അടി വീതിയുമുള്ള തേരിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏഴു മാസമായി നടന്നുവരുകയാണ്.
 
ദേവിക്കായി നിര്‍മിക്കുന്ന തേരില്‍ ഭക്തജന പങ്കാളിത്തമുണ്ടാകാന്‍ കഴിഞ്ഞ ആഗസ്റ്റ് 7-ന് ക്ഷേത്രസന്നിധിയില്‍ സംഭാവന സ്വീകരിച്ചിരുന്നു. 13 ലക്ഷം രൂപയും 13 പവന്‍ സ്വര്‍ണവും ലഭിച്ചതായി തേരിന്റെ നിര്‍മാണച്ചുമതലയുള്ള അമ്മന്‍ ചാരിറ്റബിള്‍ പ്രസിഡന്റ് രഘുപതി രാജാറാം അറിയിച്ചു. മരത്തില്‍ നിര്‍മിച്ച തേരില്‍ 350 കിലോ ചെമ്പുതകിട് പൊതിഞ്ഞിട്ടുണ്ട്. 10 കിലോ സ്വര്‍ണം പൂശും. പൊന്നുരുക്ക് കര്‍മ്മം ശനിയാഴ്ച രാവിലെ ക്ഷേത്രസന്നിധിയില്‍ നടന്നു.
 
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തേരിന്റെ ശില്പി മൈലാടി കല്ല്യാണസുന്ദരം, വെള്ളിമല ആശ്രമത്തിലെ കരുണാനന്ദജി മഹാരാജ്, ദേവസ്വം അധികൃതര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. തങ്കത്തേര് നിര്‍ത്താനായി ക്ഷേത്രപരിസരത്ത് 10 ലക്ഷം ചെലവിട്ട് ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കുന്ന കൊട്ടകയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.