നാഗര്‍കോവില്‍: ഉറ്റവര്‍ അനാഥയാക്കി തെരുവില്‍ ഉപേക്ഷിച്ച വയോധികയെ പോലീസ് സംരക്ഷണകേന്ദ്രത്തിലാക്കി. നാഗര്‍കോവില്‍ വടശ്ശേരിക്കടുത്ത് കലുങ്കടി തെരുവില്‍ അനാഥയായി കിടന്ന വയോധികയെ തിങ്കളാഴ്ച രാത്രിയോടെയാണ് നാട്ടുകാര്‍ കണ്ടത്. പ്ലാസ്റ്റിക് വരിഞ്ഞ ചെറിയ കട്ടിലില്‍ കിടന്ന വയോധികയോട് തെരുവില്‍ എങ്ങനെയെത്തിയെന്ന് നാട്ടുകാര്‍ തിരക്കിയിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് വടശ്ശേരി പോലീസിന് വിവരമറിയിച്ചു. എസ്.ഐ. അനില്‍കുമാര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കലുങ്കടി സ്വദേശിയായിരുന്ന പരേതനായ രാജുവിന്റെ ഭാര്യ മണി (85)യാെണന്ന് തിരിച്ചറിഞ്ഞു. ഇവര്‍ക്ക് മക്കളില്ല. രാജുവിന്റെ മരണശേഷം ചാത്താന്‍കോവിലിലുള്ള ബന്ധുവിന്റെ സംരക്ഷണയിലായിരുന്നു മണി. മണിയെ ആശാരിപ്പള്ളത്തിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയ പോലീസ് വയോധികയെ ഉപേക്ഷിച്ചു കടന്ന ബന്ധുക്കള്‍ക്കായി അന്വേഷണം ആരംഭിച്ചു.