നാഗര്‍കോവില്‍: ചരിത്രപ്രസിദ്ധമായ മണ്ടയ്ക്കാട് ക്ഷേത്രത്തില്‍ കൊട മഹോത്സവത്തോടനുബന്ധിച്ചു നടക്കുന്ന വലിയപടുക്കപൂജ വെള്ളിയാഴ്ച രാത്രി നടക്കും. കൊട 13-ന് രാത്രി ഒടുക്ക് പൂജയോടെ സമാപിക്കും. ഉത്സവ നാളുകളില്‍ ദിവസവും നടക്കുന്ന ദേവി എഴുന്നള്ളത്തിനും വിശേഷ പൂജകള്‍ക്കും ഭക്തജനങ്ങളുടെ വന്‍ തിരക്കനുഭവപ്പെടുന്നു. വിവിധ സ്ഥലങ്ങളില്‍നിന്ന് ആനപ്പുറത്ത് ഘോഷയാത്രയായി കൊണ്ടുവരുന്ന കളഭം, ചന്ദനം മുതലായ ദ്രവ്യങ്ങളാല്‍ വൈകുന്നേരം ദേവിക്കു പ്രത്യേക അഭിഷേകം നടത്തുന്നു.

വ്യാഴാഴ്ച മണവാളക്കുറിച്ചി ഐ.ആര്‍.ഇ. ജീവനക്കാരുടെ നേര്‍ച്ചയായിട്ടാണ് കളഭാഭിഷേകം നടന്നത്. വൈകുന്നേരം ഐ.ആര്‍.ഇ. വളപ്പില്‍നിന്ന് ആനപ്പുറത്തു ഘോഷയാത്രയായി അഭിഷേകദ്രവ്യങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചു. സന്ധ്യയോടെ അഭിഷേകവും തുടര്‍ന്ന് ദീപാരാധനയും നടന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ദേവിക്ക് ഇഷ്ടപദാര്‍ഥങ്ങളും പഴവര്‍ഗങ്ങളും പടുക്കയായി സമര്‍പ്പിക്കും. തുടര്‍ന്ന് ദീപാരാധന.

ആയിരങ്ങള്‍ ചടങ്ങിനു സാക്ഷിയാകും. വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം മാത്രമാണ് മണ്ടയ്ക്കാട് ഭഗവതിക്കു വലിയപടുക്ക സമര്‍പ്പിക്കുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പരുത്തിവിളയില്‍നിന്നു ഘോഷയാത്രയായി എത്തിക്കുന്ന കളഭവും വൈകുന്നേരം കുളച്ചല്‍ ഗണേശപുരത്തില്‍ നിന്നെത്തിക്കുന്ന കളഭവും ദേവിക്ക് അഭിഷേകം ചെയ്യും. ഭക്തജനങ്ങളുടെ സൗകര്യാര്‍ഥം വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ ബസുകള്‍ പ്രത്യേക സര്‍വീസ് നടത്തും.