മാറനല്ലൂര്‍: അരുവിക്കര ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടി മാറനല്ലൂര്‍-പ്ലാവൂര്‍ റോഡ് തകര്‍ന്നു. 15 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കുന്ന റോഡ് പണി പൂര്‍ത്തിയാകും മുന്‍പാണ് തുടര്‍ച്ചയായി പൈപ്പ് പൊട്ടി തകരുന്നത്. ഒരു മാസം മുന്‍പ് പൈപ്പ് പൊട്ടിയതിനാല്‍ ജലവകുപ്പ് അധികൃതര്‍ കുഴിയടച്ച് ടാര്‍ ചെയ്‌തെങ്കിലും അവിടെ വീണ്ടും പൈപ്പ് പൊട്ടി റോഡ് തകരുകയായിരുന്നു.

മലയോരമേഖലയായ അമ്പൂരി, വാഴിച്ചല്‍, വെള്ളറട ഭാഗത്തെ ബന്ധിപ്പിക്കുന്ന റോഡില്‍ എട്ട് കിലോമീറ്ററിനുള്ളില്‍ നാലിടങ്ങളിലാണ് കുഴികളുള്ളത്. കഴിഞ്ഞ ദിവസം വെളിയംകോട് സ്വദേശി പ്രവീണിന് കുഴിയില്‍ വീണ് പരിക്കേറ്റു.

പാറമടകളില്‍ നിന്നു അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്ന് പോകുന്നതു മൂലം റോഡിലുണ്ടാകുന്ന സമ്മര്‍ദം പൈപ്പ് പൊട്ടുന്നതിനു കാരണമായി പറയുന്നു. ഒന്നര വര്‍ഷത്തോളമായ റോഡ് പണി അന്തിമഘട്ടത്തിലാണ്. പാര്‍ശ്വഭിത്തി നിര്‍മാണവും ബോര്‍ഡ് സ്ഥാപിക്കുന്ന ജോലികളും ഇപ്പോള്‍ നടക്കുകയാണ്. രണ്ടുമാസത്തിനകം പണി പൂര്‍ത്തിയാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പൈപ്പ് പൊട്ടിയുണ്ടാകുന്ന റോഡിന്റെ തകര്‍ച്ചയില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത്.