tvm
വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ
ഉമേഷിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ
ശേഷം പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍. 
തിരുവനന്തപുരം: കോവളത്ത് വിദേശവനിത കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ സംഭവം നടന്ന സ്ഥലത്തും പ്രതികളുടെ വീടുകളിലുമെത്തിച്ച് തെളിവെടുത്തു. കൊലപാതകവുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ക്കായി പോലീസ് സംഘം പനത്തുറയാറ്റിലും പരിസരത്തും വ്യാഴാഴ്ചയും തിരച്ചില്‍ നടത്തി. തിരുവല്ലം വെള്ളാര്‍ വടക്കേ കൂനംതുരുത്ത് വീട്ടില്‍ ഉമേഷ്(28), കുനംതുരുത്തി വീട്ടില്‍ ഉദയകുമാര്‍(24) എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. ഉമേഷിനെ രാവിലെയും ഉദയകുമാറിനെ ഉച്ചയ്ക്കുശേഷവുമാണ് ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ചത്.

പ്രതികളായ ഇരുവരെയും അവരവരുടെ വീടുകളിലും മൃതദേഹം കണ്ടെത്തിയ കുറ്റിക്കാട്ടിലുമെത്തിച്ചു. പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ചില തെളിവുകള്‍ കണ്ടെത്തുന്നതിനായി പോലീസ് സംഘം പനത്തുറയാറ്റില്‍ തിരച്ചില്‍ നടത്തി. എന്നാല്‍, പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. വെള്ളിയാഴ്ചയും തിരച്ചില്‍ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രതികളെ സംഭവസ്ഥലത്തു തെളിവെടുപ്പിനെത്തിക്കുന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കുമെന്ന് പോലീസ് പ്രതീക്ഷിച്ചതിനാല്‍ കനത്ത പോലീസ് കാവലിലാണ് എത്തിച്ചത്. എന്നാല്‍, പ്രതിഷേധങ്ങളൊന്നുമുണ്ടായില്ല. തങ്ങളല്ല യുവതിയെ കൊലപ്പെടുത്തിയതെന്നും തങ്ങളെ കുടുക്കിയതാണെന്നും പ്രതികളിലൊരാള്‍ വിളിച്ചുപറയുകയും ചെയ്തു.

വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉമേഷിനെയും ഉദയകുമാറിനെയും കൂടാതെ ചിലര്‍ക്കുകൂടി ബന്ധമുണ്ടെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെക്കുറിച്ചു പറയാന്‍ പിടിയിലായ ഇരുവരും കൂട്ടാക്കുന്നുമില്ല. മൊഴികളില്‍നിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ ചിലരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്.