കാട്ടാക്കട: പ്രകൃതിഭംഗി ആവോളം നുകരാനാവുന്ന നാടുകാണിപ്പാറ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പൂവച്ചല്‍-കാട്ടാക്കട പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ 12 ഏക്കറിലേറെ വിസ്തൃതിയില്‍ ശിവ-പാര്‍വതി പാറ, ആയിരവില്ലിപാറ, ശാസ്താംപാറ എന്നിങ്ങനെ നാല് കൂറ്റന്‍ പാറകള്‍ ചേരുന്നതാണ് നാടുകാണി പാറക്കെട്ടുകള്‍.

സമുദ്രനിരപ്പില്‍നിന്നു ആയിരത്തി ഇരുന്നൂറോളം അടി ഉയരമുള്ള ഈ പാറക്കെട്ടുകളില്‍ നിന്നാല്‍ അറബിക്കടലും അഗസ്ത്യകൂട മലനിരകളും ഒരുപോലെ ആസ്വദിക്കാനാകും. പ്രകൃതിസൗന്ദര്യത്തിനൊപ്പം എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത.

നാലുപാറകളാണുള്ളതെങ്കിലും മാന്‍ചാടി പാറയിലാണ് സഞ്ചാരികള്‍ കൂടുതലായി എത്തുന്നത്. വൈകുന്നേരങ്ങളില്‍ ഇളംകാറ്റേറ്റ് ഇവിടെ നിന്നുള്ള സൂര്യാസ്തമയത്തിന്റെ ദൃശ്യം കാണാന്‍ മനോഹരമാണ്. പാറയുടെ നെറുകയില്‍ നിന്നാല്‍ തിരുവനന്തപുരം നഗരത്തിന്റെ ദൂരക്കാഴ്ചയും, കോവളം കടപ്പുറവും ലൈറ്റ് ഹൗസിന്റെ മിന്നിമറയുന്ന വെളിച്ചവും കാണാനാകും. ഔഷധ സസ്യങ്ങളും അപൂര്‍വവൃക്ഷങ്ങളും സുന്ദര കാഴ്ചകളും നിറഞ്ഞ നാടുകാണി എല്ലാ സീസണിലും സഞ്ചാരികളെ അവരുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു.

നാടുകാണി മലയില്‍ ആദിമസംസ്‌കാരം നിലനിന്നിരുന്നു എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മാനും നരിയും കുരങ്ങുമൊക്കെയുള്ള കാടായിരുന്ന നാടുകാണി കാണി സമുദായത്തിന്റെ വാസകേന്ദ്രമായിരുന്നു. 60 വര്‍ഷം മുന്‍പുവരെ ഈ സമുദായത്തിലുള്‍പ്പെട്ടവര്‍ ഇവിടെ താമസിച്ചിരുന്നു. കൂടാതെ ഇതിനുതെളിവായി അടിവാരത്തുനിന്നു ശിലായുഗ കാലത്തെ നന്നങ്ങാടികളും കണ്ടെത്തിയിട്ടുണ്ട്. ആദിവാസികളുടെ ആരാധനാമൂര്‍ത്തിയായ ശാസ്താവിന്റെ പ്രതിഷ്ഠയും ആയിരവല്ലി എന്ന പാറയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്നു. അതിനാല്‍ എല്ലാ വര്‍ഷവും ശബരിമല തീര്‍ഥാടന കാലത്ത് ഇവിടേക്കും തീര്‍ഥാടകര്‍ എത്താറുണ്ട്.

കാട്ടാക്കടയില്‍ നിന്നു കട്ടയ്‌ക്കോടുവഴി മൂന്നുകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താനാകും. എന്നാല്‍ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ഒരു സൗകര്യവും ഇപ്പോഴുമില്ല. ജലലഭ്യതയില്ലാത്തതും ശൗചാലയ സൗകര്യം ഇല്ലാത്തതുമാണ് സഞ്ചാരികളെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. വിനോദസഞ്ചാരകേന്ദ്രം എന്ന നിലയില്‍ അധികൃതരുടെ ശ്രദ്ധയെത്താത്തതിനാല്‍ വൈകുന്നേരങ്ങളില്‍ സാമൂഹികവിരുദ്ധ ശല്യവുമുണ്ട്.

സ്​പീക്കറായിരിക്കേ അന്തരിച്ച ജി.കാര്‍ത്തികേയന്‍ എം.എല്‍.എ. മുന്‍കൈയെടുത്ത് 2014-ല്‍ ജില്ലാടൂറിസം െപ്രാമോഷന്‍ കൗണ്‍സിലിന്റെ ഫണ്ടില്‍ നിന്നുംനാടുകാണിയുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 27 ലക്ഷം രൂപ അനുവദിപ്പിച്ചിരുന്നു. പാറയ്ക്ക് മുകളില്‍ സംരക്ഷണവേലി, പടവുകള്‍, കുടിവെള്ളം, ലഘു ഭക്ഷണശാല, ശൗചാലയങ്ങള്‍, തുടങ്ങിയവയായിരുന്നു പദ്ധതിയില്‍. കട്ടയ്‌ക്കോട് മുതല്‍ നാടുകാണിപ്പാറ വരെയുള്ള ഒന്നര കിലോമീറ്റര്‍ റോഡ് 25 ലക്ഷം രൂപ ചെലവിട്ട് ആദ്യഘട്ടമെന്ന നിലയില്‍ നവീകരണവും നടത്തിയിരുന്നു. എന്നാല്‍, ഡി.ടി.പി.സി. യുടെ ഭാഗത്തുനിന്നും തുടര്‍നടപടി ഉണ്ടാവാത്തതിനാല്‍ ഇപ്പോള്‍ പദ്ധതി ഉപേക്ഷിച്ചമട്ടാണ്.