കിട്ടാനുള്ളത് 55 പേരുടേത്
തിരുവനന്തപുരം:
ലഗേജ് കിട്ടാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ യാത്രക്കാര്‍ ബഹളംവെച്ചു. വെള്ളിയാഴ്ച രാവിലെ 7.30-ന് മസ്‌കറ്റില്‍നിന്ന് തിരുവനന്തപുരത്തെത്തിയ ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരുടെ ലഗേജാണ് ലഭിക്കാതിരുന്നത്. വിമാനത്തില്‍നിന്ന് പുറത്തിറങ്ങിയ യാത്രക്കാര്‍ കസ്റ്റംസ് പരിശോധനക്കെത്തിയപ്പോഴാണ് തങ്ങളുടെ ലഗേജ് എത്തിയില്ലെന്നറിഞ്ഞത്. 55 യാത്രക്കാരുടെ ലഗേജുകളാണ് കിട്ടാതിരുന്നത്. ഇതേത്തുടര്‍ന്ന് യാത്രക്കാര്‍ കസ്റ്റംസ് ഹാളില്‍ ബഹളം വയ്ക്കാന്‍ തുടങ്ങി.

ബഹളത്തെത്തുടര്‍ന്ന് ഒമാന്‍ എയര്‍വേയ്‌സിന്റെ എയര്‍പോര്‍ട്ട് മാനേജര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. സാങ്കേതികത്തകരാറിനെ തുടര്‍ന്നാണ് ലഗേജ് വിമാനത്തിലെത്തിക്കാന്‍ കഴിയാതിരുന്നത്. ശനിയാഴ്ച രാവിലെ വരുന്ന വിമാനത്തില്‍ ലഗേജുകള്‍ കൊണ്ടുവരുമെന്ന് ഒമാന്‍ എയര്‍വേയ്‌സ് അധികൃതര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ മടങ്ങിയത്.