തിരുവനന്തപുരം: ചാലക്കമ്പോളത്തിലെ പച്ചക്കറി മാര്‍ക്കറ്റില്‍ വ്യാഴാഴ്ച ചരക്കിറക്കുന്നത് നിലച്ചു. അംഗീകൃത ചുമട്ടുതൊഴിലാളികളും കടകളിലെ താത്കാലിക തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം പണിമുടക്കിലെത്തിയതിനെ തുടര്‍ന്നാണ് വ്യാപാരം സ്തംഭിച്ചത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംയുക്ത യൂണിയനുകളുടെ നേതൃത്വത്തിലാണ് അംഗീകൃത ചുമട്ടുതൊഴിലാളികള്‍ വ്യാഴാഴ്ച പണിമുടക്കിയത്.

ചരക്കിറക്കല്‍ നിലച്ചതോടെ ലോറികളില്‍നിന്ന് ചരക്കിറക്കിയില്ല. ലോറികളിലുണ്ടായിരുന്ന പഴം, പച്ചക്കറി തുടങ്ങിയവ നശിച്ചു. മറ്റ് കടകളും അടച്ചതോടെ വിവിധ ആവശ്യങ്ങള്‍ക്കായി പച്ചക്കറി വാങ്ങാനെത്തിയവരും പണിമുടക്കില്‍ വലഞ്ഞു. ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ്, എസ്.ഡി.ടി.യു എന്നീ സംഘടനകളാണ് പണിമുടക്കിയത്. പുലര്‍ച്ചെ ആരംഭിച്ച പണിമുടക്ക് തൊഴില്‍വകുപ്പ് അധികൃതര്‍ ഇടപെട്ട് മൂന്നുമണിയോടെയാണ് അവസാനിപ്പിച്ചത്.

ചരക്കിറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് താത്കാലിക തൊഴിലാളിയായ കരിമഠം കോളനിയിലെ പ്രദീപിന് കഴിഞ്ഞ ദിവസം പരിക്കേറ്റതാണ് സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. ലോഡിറക്കാനെത്തിയ പ്രദീപിനെ നാലംഗസംഘം ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ബന്ധുക്കളെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇതിന്റെ തുടര്‍ച്ചയായി വ്യാഴാഴ്ച കോളനിയിലെ ഒരുസംഘം മാര്‍ക്കറ്റിലെത്തി യൂണിയന്‍ തൊഴിലാളികളെ വെല്ലുവിളിച്ചു. ഇവരില്‍നിന്ന് അക്രമഭീഷണി ഉയര്‍ന്നതോടെയാണ് യൂണിയനുകള്‍ മിന്നല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചത്. അപ്രതീക്ഷിത പണിമുടക്കായതോടെ ചാലയിലെ പഴം-പച്ചക്കറി മേഖല മണിക്കൂറുകളോളം സ്തംഭിച്ചു.

യൂണിയനുകളുടേത് അനാവശ്യ സമരമാണെന്നാരോപിച്ച് വ്യാപാരികളും ലോറി ഡ്രൈവര്‍മാരും രംഗത്തെത്തിയതും തര്‍ക്കത്തിനിടയാക്കി. പിന്നീട് പോലീസ് ഇടപ്പെട്ടാണ് സംഘര്‍ഷമൊഴിവാക്കിയത്. ചര്‍ച്ചകള്‍ക്ക് ശേഷം ഒത്തു തീര്‍പ്പിലെത്തിയശേഷമാണ് ലോറികളില്‍ നിന്ന് ചരക്കിറക്കിയത്. പിന്നീട് വൈകിട്ടോടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു.

ഇരുവിഭാഗം തൊഴിലാളികള്‍ തമ്മില്‍ മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അഞ്ച് ട്രേഡ് യൂണിയനുകളില്‍ നിന്നായി 21 അംഗീകൃത തൊഴിലാളികളും കടകളിലെ 80ഓളം വരുന്ന താത്കാലിക തൊഴിലാളികളുമാണ് ചാലയിലെ ജി സെക്ഷനില്‍ കയറ്റിറക്ക് ജോലി ചെയ്യുന്നത്. ജോലി ചെയ്യുന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കം പതിവാണ്. തൊഴിലാളികളുടെ പ്രശ്‌നത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതായും ആക്ഷേപമുണ്ട്.

36 ലോറികളില്‍നിന്ന് ചരക്കിറക്കാനായില്ലെന്നും ഇതുമൂലം വന്‍ നഷ്ടമാണുണ്ടായതെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ചാല യൂണിറ്റ് പ്രസിഡന്റ് എ. ചിദംബരന്‍ പറഞ്ഞു.