തിരുവനന്തപുരം: കടലേറ്റത്തില്‍ വീടു നഷ്ടപ്പെട്ട മീന്‍പിടിത്തക്കാര്‍ക്ക് കാരോട് പഞ്ചായത്തില്‍ ഫിഷറീസ് വകുപ്പ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നു. ഇതിനായി പഞ്ചായത്തിലെ ചെന്നിലോട് പുതുശ്ശേരി വാര്‍ഡില്‍ സര്‍ക്കാര്‍ രണ്ടേക്കര്‍ 63 സെന്റ് സ്ഥലം ഏറ്റെടുത്തു.

പൊഴിയൂരിലെ കൊല്ലങ്കോട്, പരുത്തിയൂര്‍ തുടങ്ങിയ മീന്‍പിടിത്ത ഗ്രാമങ്ങളിലുള്ള 139 കുടുംബങ്ങള്‍ക്കാണ് ഫ്‌ളാറ്റ് നിര്‍മിച്ചു നല്‍കുന്നത്. 10 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം. തീരദേശവികസന കോര്‍പ്പറേഷനാണ് നിര്‍മാണച്ചുമതല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഒക്ടോബറില്‍ നിര്‍മാണം തുടങ്ങുമെന്ന് ഫിഷറീസ് അധികൃതര്‍ പറഞ്ഞു.

സ്വന്തമായി സ്ഥലമില്ലാത്തവര്‍ക്കും കടല്‍ത്തീരത്തുനിന്നു പുനരധിവസിപ്പിക്കുന്നതിനും കടലേറ്റത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കുമാണ് ഫ്‌ളാറ്റ് നല്‍കുന്നത്. പൊഴിയൂരിലെ മത്സ്യഭവനില്‍ ലഭിച്ച 136 അപേക്ഷകര്‍ക്കാണ് മുന്‍ഗണന.

പൊഴിയൂരിലെ കൊല്ലങ്കോട്, പരുത്തിയൂര്‍ തുടങ്ങിയ മീന്‍പിടിത്ത ഗ്രാമങ്ങളിലെ തീരത്തിനോടടുത്തുള്ള വീടുകള്‍ മിക്കപ്പോഴും കടല്‍ക്ഷോഭത്തില്‍പ്പെടാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഇവരെ താത്കാലികമായി പാര്‍പ്പിക്കാന്‍ പലപ്പോഴും ആ പ്രദേശത്തുള്ള സര്‍ക്കാര്‍ സ്‌കൂളുകളാണ് പലപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും വീടില്ലാത്തവര്‍ക്ക് സ്ഥിരം സംവിധാനം നല്‍കുന്നതിനുമാണ് ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കുന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്.സലീം പറഞ്ഞു.

മുട്ടത്തറയില്‍ മീന്‍പിടിത്തക്കാര്‍ക്ക് നിര്‍മിക്കുന്ന ഫ്‌ളാറ്റുകളുടെ മാതൃകയിലാണ് കാരോട് പഞ്ചായത്തിലും നിര്‍മാണം. ഇരുനില ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഓരോന്നിലും കിടക്കമുറി, വരാന്ത, ഹാള്‍, അടുക്കള, ശൗചാലയം അടക്കമുള്ള സൗകര്യങ്ങളുണ്ടാകും. കൂടാതെ കുട്ടികള്‍ക്ക് കളിസ്ഥലം, അങ്കണവാടി തുടങ്ങിയവും ഉണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.