തിരുവനന്തപുരം: വിവിധതരത്തിലുള്ള മയക്കുമരുന്നുകള്‍ വില്‍ക്കുന്ന യുവാവിനെ നഗരത്തില്‍നിന്ന് സിറ്റി ഷാഡോ പോലീസ് പിടികൂടി. കഠിനംകുളം ചാന്നാങ്കര പഴഞ്ചിറ ആര്യഭവനില്‍ വിപിന്‍ എന്ന കണ്ണനെ (20)യാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്.

തിരുവനന്തപുരം മേനംകുളം ഭാഗത്തുനിന്നു കഴിഞ്ഞദിവസം സിറ്റി ഷാഡോ ടീം ഡൊമനിക് എന്ന യുവാവിനെ രണ്ടരക്കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഇയാളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിപിന്‍ പിടിയിലായത്. ഇയാളില്‍നിന്ന് ഹാഷിഷ്, കൊക്കൈന്‍, മെതാംഫിറ്റമിന്‍ ഇനത്തിലുള്ള വിവിധയിനം മയക്കുമരുന്നുകള്‍ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇവ െബംഗളൂരുവില്‍ നിന്നാണ് കൊണ്ടുവരുന്നത്. അവിടെനിന്ന് കാരിയര്‍മാര്‍ വഴിയും അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ വഴിയുമാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഏതാനും ദിവസം മുന്‍പ്‌ െബംഗളൂരുവില്‍നിന്ന് എല്‍.എസ്.ഡി. സ്റ്റാമ്പ്, ഹാഷിഷ് എന്നിവയുമായി തിരുവനന്തപുരത്ത് എത്തിയ എറണാകുളം സ്വദേശി മേറാജുദീന്‍ എന്ന യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടിയിരുന്നു.

വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള മയക്കുമരുന്നു വിപണനക്കാര്‍ക്കെതിരേ ശക്തമായ അന്വേഷണം നടത്തുമെന്നും ഇയാളില്‍നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു മയക്കുമരുന്നു കച്ചവടക്കാരെക്കുറിച്ചു വിവരം ലഭിച്ചതായും അവര്‍ നിരീക്ഷണത്തിലാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ പി.പ്രകാശ് അറിയിച്ചു.

കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ സുരേഷ് കുമാര്‍ വി., മ്യൂസിയം സി.ഐ. പ്രശാന്ത്, എസ്.ഐ.മാരായ സുനില്‍, ജയപ്രകാശ് ഷാഡോ എ.എസ്.ഐ.മാരായ അരുണ്‍കുമാര്‍, യശോധരന്‍, സിറ്റിഷാഡോ ടീമംഗങ്ങള്‍ എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.