നെയ്യാറ്റിന്‍കര: കുടുംബശ്രീ അയല്‍ക്കൂട്ടമെന്നാല്‍ പാവപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയെന്നാണ് പൊതുധാരണ. എല്ലാവിഭാഗം സ്ത്രീകളുടെയും കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റിയെടുക്കുന്നതിനായി സ്‌കൂള്‍ അധ്യാപികകൂടിയായ നഗരസഭാധ്യക്ഷ അയല്‍ക്കൂട്ടത്തില്‍ അംഗത്വമെടുത്ത് മാതൃകകാട്ടി.

സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ തുടങ്ങിയത്. എന്നാല്‍ കുടുംബശ്രീയുടെ അയല്‍ക്കൂട്ടങ്ങളില്‍ അംഗങ്ങളായവരെല്ലാം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരോ, ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരോ ആണ്. തന്റെ വാര്‍ഡായ രാമേശ്വരം വാര്‍ഡിലെ ആശ്രയ അയല്‍ക്കൂട്ടത്തിലാണ് അംഗത്വമെടുത്തത്. കുടുംബശ്രീയുടെ സ്​പര്‍ശം എന്ന പേരില്‍ നടക്കുന്ന പ്രചരണപരിപാടിക്കിടെയാണ് അംഗത്വം സ്വീകരിച്ചത്.

നഗരസഭയില്‍ നിലവില്‍ 624 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നിന്നായി 9628 സ്ത്രീകളാണ് അംഗങ്ങളായിട്ടുള്ളത്. എന്നാല്‍ നഗരസഭയിലെ സ്ത്രീകളുടെ എണ്ണം മുപ്പതിനായിരത്തിലേറെയാണ്. ഇതില്‍ ഭൂരിഭാഗം സ്ത്രീകളെയും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു.

സ്ത്രീകളില്‍ സാമ്പത്തിക, സാമൂഹിക മുന്നേറ്റം ഉണ്ടാക്കുകയാണ് കുടുംബശ്രീയെ ശക്തിപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡബ്ല്യു ആര്‍.ഹീബ പറഞ്ഞു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെക്കൊണ്ട് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ സജ്ജരാക്കും. ഇതിനായി നാലുശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുമെന്നും അവര്‍ പറഞ്ഞു.

ഒരു മാസത്തെ പ്രചാരണ പരിപാടി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതികള്‍ താഴെതട്ടിലെത്തിക്കാനാണ് സ്​പര്‍ശം എന്ന പേരില്‍ പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്ക് നഗരസഭയിലെ രാമേശ്വരം വാര്‍ഡില്‍ തുടക്കമായി. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സുജാത ജോസഫ്, എ.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സലീന, കുടുംബശ്രീ ജീവനക്കാരായ ബി.ഷാംകൃഷ്ണ, എസ്.രാജേഷ്, ശ്രീജിത്ത്, അശ്വതി ആര്‍.നായര്‍, ജി.ടി.നിഷാമോള്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് 19വരെ നഗരസഭയിലെ 44 വാര്‍ഡുകളിലും പ്രചാരണപരിപാടികള്‍ നടക്കും.