ബാലരാമപുരം : അന്തിയൂര്‍ - കോട്ടുകാല്‍ വലിയ തോട്ടില്‍ മാലിന്യം തള്ളുന്നതു പതിവാകുന്നു. വ്യാപകമായി മാലിന്യം തള്ളിയതോടെ നാശത്തിന്റെ വക്കിലാണു തോട്. ബാലരാമപുരം ജങ്ഷന്‍, ശാലിയാര്‍ തെരുവ്, പഴക്കട, എ.വി. സ്ട്രീറ്റ് തുടങ്ങിയ ഭാഗത്തെ ഓടകള്‍ ബന്ധിപ്പിച്ചിരിക്കുന്നത് അന്തിയൂര്‍ തോട്ടിലേക്കാണ്. കൂടാതെ, വീടുകളിലെ മാലിനജലവും ഇവിടേക്കാണ് ഒഴുക്കി വിടുന്നത്. ഇതോടെ മാലിന്യവും മലിനജലവും കൂടി കെട്ടിക്കിടന്ന് അസഹനീയമായ ദുര്‍ഗന്ധമാണിവിടെ.

കൊതുക് പെരുകുന്നതായും പ്രദേശവാസികള്‍ പറയുന്നു. തോട്ടിലെ നീരൊഴുക്ക് കുറയുകയും ചെയ്തിട്ടുണ്ട്. ഇതോടെ കൃഷി ആവശ്യങ്ങള്‍ക്കു വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അവസാനമായി തോട് നവീകരിച്ചത്. സര്‍ക്കാരും ജലസേചനവകുപ്പും കൈയൊഴിഞ്ഞതോടെ നാശത്തിന്റെ വക്കിലാണ്.

വകുപ്പുകള്‍ സമഗ്രപദ്ധതി തയ്യാറാക്കിയാല്‍ മാത്രമേ ഇനി തോടിന് പുതുജീവന്‍ നല്‍കാന്‍ കഴിയൂ. ശാസ്താംകോവില്‍നിന്നു തുടങ്ങുന്ന തോട് അവസാനിക്കുന്നത് കോട്ടുകാല്‍ വലിയ തോടിലാണ്. ഇവിടെനിന്ന് കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലും കുടിവെള്ളം എത്തിക്കുന്നുണ്ട്. സമീപത്ത് പുതിയതായി പണിതീര്‍ക്കുന്ന ഫ്‌ളാറ്റിലെ മലിനജലം ഒലിച്ചു പോകുന്നതിനായി തോട്ടിലേക്കു ബന്ധിപ്പിച്ചതായും ആക്ഷേപമുണ്ട്. മലിനജലം ഒഴുക്കി വിടുന്നതിനായി പഞ്ചായത്ത് വീടുകളുടെ പരിസരത്തു പദ്ധതി തയ്യാറാക്കിയാല്‍ മാത്രമേ ഇതിനു പരിഹാരമുള്ളുവെന്ന് വാര്‍ഡംഗം രാജേഷ് പറഞ്ഞു.

രണ്ടാമത്തെ വലിയ തോട്-  മാലിന്യം കാരണം നശിക്കുന്നത് ബാലരാമപുരത്ത രണ്ടാമത്തെ വലിയ തോടായ അന്തിയൂര്‍ തോട്. ഒന്നാമത്തെതായ തലയല്‍ തോടിനായി ജില്ലാപ്പഞ്ചായത്തും, ബ്ലോക്ക് പഞ്ചായത്തും, ഗ്രാമപ്പഞ്ചായത്തും കൈകോര്‍ക്കുമ്പോഴാണ് രണ്ടാമത്തെ വലിയ തോടായ അന്തിയൂര്‍ തോട് നവീകരണമില്ലാതെ നശിക്കുന്നത്. കൂടാതെ, തോടിന്റെ വശങ്ങളും കൈയേറിയിരിക്കുകയാണ്.

നവീകരണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല-  പഞ്ചായത്തിന്റെ തുകയില്‍നിന്നുള്ള വിഹിതംകൊണ്ട് അന്തിയൂര്‍ തോടിന്റെ നവീകരണം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. ഒന്നരവര്‍ഷം മുന്‍പ് അന്തിയൂര്‍ തോടിനായി എം.എല്‍.എ. ഫണ്ടില്‍നിന്നും 50ലക്ഷം രൂപ വകയിരുത്തിയതായി അറിയാന്‍ കഴിഞ്ഞു.-ആര്‍.എസ്.വസന്തകുമാരി, (ബാലരാമപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്)
 
തുക അനുവദിച്ചില്ല- നവീകരണത്തിനായി അന്തിയൂര്‍ തോട് ബജറ്റില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ തുക അനുവദിച്ചിരുന്നില്ല.-എം.വിന്‍സെന്റ്, കോവളം എം.എല്‍.എ.