ബാലരാമപുരം: കനത്ത കാറ്റിലും മഴയിലും വെങ്ങാനൂര്‍ ആത്മബോധിനിയില്‍ വീട് തകര്‍ന്നു.ഹരിനന്ദനത്തില്‍ ഹരികുമാറിന്റെ വീടാണ് തകര്‍ന്നത്.വീടിന്റെ കിടപ്പുമുറി, കുളിമുറി, അടുക്കള എന്നിവ ഭാഗികമായി തകര്‍ന്നു. ചുറ്റുമതില്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

അടിത്തറയുടെ ഒരുഭാഗത്തെ മണ്ണിളകി വീട് അപകടാവസ്ഥയിലാണ്. കഴിഞ്ഞ ദിവസം രാത്രി ഒന്‍പതു മണിയോടെയാണ് സംഭവം.

ഇരുപതു അടിയോളം പൊക്കമുള്ള മതില്‍ അടുത്ത വീട്ടിലെ സുരേഷിന്റെ പുരയിടത്തിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. വീട്ടുകാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. പെരിങ്ങമ്മല പൂക്കട നടത്തുകയാണ് ഹരികുമാര്‍. ഏകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എം.വിന്‍സെന്റ് എം.എല്‍.എ., വെങ്ങാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.