ബാലരാമപുരം: ജി.എസ്.ടി.യുടെ പേരില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം ബാലരാമപുരം പഞ്ചായത്തോഫീസിനുമുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേണ്ടത്ര തയ്യാറെടുപ്പില്ലാതെയാണ് ജി.എസ്.ടി. ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചത്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു കണ്ടുകൊണ്ടാണ് ജി.എസ്.ടി.യുടെ ഉദ്ഘാടനത്തില്‍നിന്നു കോണ്‍ഗ്രസ് വിട്ടുനിന്നത്. അതിരൂക്ഷമായ വിലക്കയറ്റവും ജനങ്ങളുടെ ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി ആറുമാസത്തേക്ക് ജി.എസ്.ടി. നടപ്പിലാക്കുന്നത് നിര്‍ത്തിവയ്ക്കണം.

പനി ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു സാമ്പത്തികസഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. യു.ഡി.എഫിന്റെ കാലത്ത് സൗജന്യ റേഷന്‍ പനിബാധിത മേഖലയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് റേഷനുമില്ല. ധനസഹായവും ഇല്ലാത്ത അവസ്ഥയിലാണ്. തൊഴിലുറപ്പു കുടിശ്ശിക വാങ്ങിനല്‍കുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. കേരളത്തിലെ യു.ഡി.എഫ.് എം.പി.മാരുടെ ഫലപ്രദമായ ഇടപെടല്‍ കൊണ്ടാണ് കുടിശ്ശിക നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായതെന്നും എം.എം.ഹസന്‍ പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ അധ്യക്ഷനായി. എം.വിന്‍സെന്റ് എം.എല്‍.എ., ഡി.സി.സി. ഭാരവാഹികളായ കോളിയൂര്‍ ദിവാകരന്‍, വിപിന്‍ ജോസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വെങ്ങാനൂര്‍ ശ്രീകുമാര്‍, മണ്ഡലം പ്രസിഡന്റ് എ.എം.സുധീര്‍ എന്നിവര്‍ സംസാരിച്ചു.