ഇലകമണ്‍: അയിരൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിന് സമീപത്തെ പഴയപാലത്തില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. വേനല്‍ക്കാലത്ത് ശുദ്ധജലം പാഴാകുന്നത് ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹരിക്കാന്‍ നടപടിയുണ്ടാകുന്നില്ല.

അയിരൂരില്‍ നിലവിലുള്ള പാലത്തിനു താഴെയാണ് പഴയ പാലമുള്ളത്. പുതിയപാലം വന്നശേഷവും നാട്ടുകാര്‍ കാല്‍നടയാത്രയ്ക്ക് പഴയപാലം ഉപയോഗിച്ചുവരുന്നു. ജലഅതോറിറ്റിയുടെ പൈപ്പ് ലൈന്‍ പഴയ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പൈപ്പ് പൊട്ടി പാലത്തിലൂടെ വെള്ളമൊഴുകാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.

പാലത്തിനുള്ളിലാകെ കാടുപിടിച്ചും മാലിന്യംനിറഞ്ഞും കിടക്കുകയാണ്. അതിനാല്‍ പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഇതുവഴി പോയവരാണ് പൈപ്പ് പൊട്ടിയത് കണ്ട് വിവരമറിയിച്ചത്. പൊട്ടിയൊഴുകുന്ന വെള്ളം പാലത്തിലാണ് കെട്ടിനില്‍ക്കുന്നത്. അതിനാല്‍ കാല്‍നടയാത്രക്കാര്‍ പാലത്തിലൂടെ കടന്നുപോകാന്‍ ബുദ്ധിമുട്ടുന്നു. കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. കൈതപ്പുഴ ഭാഗത്തേക്ക് പാലത്തിലൂടെ എളുപ്പത്തില്‍ എത്തിച്ചേരാം. അതിനാല്‍ മോശം അവസ്ഥയിലായിട്ടും നിരവധിപേര്‍ പാലത്തെ ഇപ്പോഴും ആശ്രയിക്കുന്നുണ്ട്. വെള്ളക്കെട്ടും കാടും ഒഴിവാക്കി പാലത്തിന്റെ പൊട്ടിപ്പൊളിഞ്ഞ തിട്ടയിലൂടെയാണ് നടന്നുപോകുന്നത്.

പൈപ്പ് പൊട്ടിയൊലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ ജല അതോറിറ്റിയെ അറിയിച്ചിരുന്നതായി ഇതുവഴി യാത്രചെയ്യുന്നവര്‍ പറയുന്നു. വെള്ളം പാഴായിപ്പോകുന്നത് പരിഹരിക്കാന്‍ നടപടിയെടുക്കാത്തതില്‍ ഇവര്‍ക്ക് പ്രതിഷേധമുണ്ട്. പാലത്തിലെ കാടും പടര്‍പ്പും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി വെട്ടിമാറ്റി വൃത്തിയാക്കി യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നും ആവശ്യപ്പെടുന്നു.