തിരുവനന്തപുരം: ചങ്ങലവെട്ടം വിളക്കിന്റെയും പാണികൊട്ടിന്റെയും അകമ്പടിയോടെ ആറ്റുകാലില്‍ നടന്ന ഉച്ചശ്രീബലിക്ക് ഭക്തര്‍ സാക്ഷ്യംവഹിച്ചു. പൊങ്കാലയുത്സവത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് ക്ഷേത്ര മേല്‍ശാന്തി അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഉച്ചശ്രീബലി നടന്നത്. ഒരുമണിയോടെ നടയടച്ചു. വൈകീട്ട് 6.45ന് നടന്ന ദീപാരാധനയിലും ഭക്തരുടെ വന്‍നിരയാണ് ഉണ്ടായിരുന്നത്.

ആറ്റുകാലമ്മയുടെ കഥ തോറ്റം പാട്ടിലൂടെയാണ് അവതരിപ്പിക്കുക. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ദേവിയുടെ കല്യാണത്തെക്കുറിച്ചുള്ള മാലപ്പുറംപാട്ട് പാടിത്തുടങ്ങുക. തുടര്‍ന്ന് ദേവിക്ക് കല്യാണമാല ചാര്‍ത്തുന്ന ചടങ്ങുകളും നടക്കും. കോവലനെ കല്യാണം കഴിക്കുന്നതിന്റെ വര്‍ണനകളാണ് മാലപ്പുറം പാട്ടിലവതരിപ്പിക്കുന്നത്. ദേവിയുടെ കല്യാണയൊരുക്കങ്ങളെക്കുറിച്ചാണ് ശനിയാഴ്ച പാടിയത്.

രാവിലെ 8.30ന് പന്തീരടി പൂജയ്ക്ക് ശേഷം ഒന്‍പതോടെ കുത്തിയോട്ട വ്രതത്തിന് തുടക്കമാകും. 876 കുട്ടികളാണ് ഇത്തവണ കുത്തിയോട്ട വ്രതക്കാരായി പേരു നല്‍കിയിട്ടുള്ളത്. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ഈറന്‍ വസ്ത്രവുമുടുത്തുവരുന്ന കുട്ടികള്‍ പള്ളിപ്പലകയില്‍ ഒരു രൂപയുടെ ഏഴുനാണയങ്ങള്‍ സമര്‍പ്പിച്ചു നമസ്‌കരിക്കുന്നതോടെയാണ് കുത്തിയോട്ടവ്രതമാരംഭിക്കുന്നത്. ഉത്സവദിവസം വരെ ഇവര്‍ ദേവിദാസന്മാരാകും. മാര്‍ച്ച് 11ന് നടക്കുന്ന പൊങ്കാലയ്ക്കുശേഷം രാത്രി 10.30ന് ദേവി പുറത്തെഴുന്നള്ളുമ്പോള്‍ കുത്തിയോട്ട വ്രതക്കാര്‍ ദേവിക്ക് അകമ്പടി സേവിക്കും.
 
കനത്ത സുരക്ഷ

ഉത്സവദിനങ്ങളില്‍ ക്ഷേത്രത്തിന്റെ പുറത്തും അകത്തുമായി മഫ്തിയിലും അല്ലാതെയുമായി 610 പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തിരക്കിനിടയില്‍ ഭക്തരുടെ ആഭരണങ്ങളും പണവും കവരുന്ന സംഘങ്ങളെ പിടികൂടാനായി ഷാഡോ പോലീസുകാരോടൊപ്പം വനിതകളുമുണ്ട്. ക്ഷേത്രപരിസരത്തു സജ്ജമാക്കിയ പോലീസ് കണ്‍ട്രോള്‍റൂമില്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ നിരീക്ഷിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്ക് കണ്‍ട്രോള്‍ റൂമിലെ 0471-2458933 എന്ന നമ്പറില്‍ വിളിച്ച് സഹായമാവശ്യപ്പെടാം.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ഓവര്‍ ബ്രിഡ്ജ്, കിഴക്കേക്കോട്ട മുതല്‍ ക്ഷേത്രപരിസരം വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താനായി ആകാശക്യാമറയും(ഡ്രോണ്‍) സജ്ജമാക്കിയതായി ഫോര്‍ട്ട് എ.സി. ഗോപകുമാര്‍ കെ.എസ്. പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ മുതല്‍ ആറ്റുകാല്‍ വരെ 25 സ്ഥലങ്ങളിലായി സി.സി.ടി.വി. ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

കൂടാതെ കിഴക്കേക്കോട്ട, ആറ്റുകാല്‍, മണക്കാട്, കൊഞ്ചിറവിള, ചിറമുക്ക്, ബണ്ട് റോഡ്, കീഴമ്പല്‍ക്കടവ്, എം.എസ്.കെ. നഗര്‍, കിള്ളിപ്പാലം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്. പിങ്ക് പോലീസിന്റെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പൊങ്കാല ദിവസം തമിഴ്‌നാട് പോലീസും

ആറ്റുകാല്‍ പൊങ്കാലയ്ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു കമ്പനി പോലീസെത്തുന്നു. വനിതകളടക്കമുള്ള പോലീസുകാരെയാണ് പ്രത്യേക ഡ്യൂട്ടിക്കായി വിന്യസിക്കുന്നത്. പൊങ്കാല ദിവസം എല്ലാ ജില്ലയില്‍ നിന്നുമുള്ള പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള വനിതാ പോലീസുകാരെയും സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിക്കുന്നുണ്ട്.
 
ഇതിനുപുറമേയാണ് തമിഴ്‌നാട്ടിലുള്ള പോലീസിനെയും നിയോഗിക്കുന്നത്. 18 ഡിവൈ.എസ്.പി.മാരുടെ കീഴില്‍ 43 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, ഒന്‍പത് വനിതാ സി.ഐ. മാര്‍, 129 എസ്.ഐ.മാരും ഉള്‍പ്പെടെ 3329 പോലീസ് ഉദ്യോഗസ്ഥരാണ് പൊങ്കാല ദിവസത്തില്‍ നഗരത്തിലെ സുരക്ഷാ ചുമതല വഹിക്കുന്നത്.