തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായുള്ള റോഡ് നവീകരണവും ഓടവൃത്തിയാക്കലും പാളി. ഭരണാനുമതി കാത്ത് പദ്ധതികൾ ജില്ലാ കളക്ടർക്ക് മുന്നിലാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ വീഴ്ചകൾ വെളിപ്പെട്ടത്. 

പൊതുമരാമത്ത് വകുപ്പിന്റെ അഞ്ചു റോഡുകൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള അനുമതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള അഞ്ച് റോഡുകളുടെ നവീകരണത്തിനായി 31 ലക്ഷം രൂപയുടെ പദ്ധതിയാണ് സമർപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച അനുമതി ലഭിച്ചാൽ മാർച്ച് അഞ്ചിനുള്ളിൽ നിർമാണം പൂർത്തിയാക്കാമെന്നായി ഉദ്യോഗസ്ഥർ.

പൊങ്കാല പതിനൊന്നിനാണെങ്കിലും ഉത്സവം മൂന്നിന് തുടങ്ങും അതിനുമുമ്പ് റോഡുപണി പൂർത്തീകരിക്കണമെന്നും വേദിയിലുണ്ടായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന് കടുപ്പിച്ച് പറയേണ്ടിവന്നു. ഓടകൾ വൃത്തിയാക്കുന്നതിന് വാട്ടർ അതോറിട്ടി 74 ലക്ഷം രൂപയുടെ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. പക്ഷേ അതിനും അനുമതി ലഭിച്ചിട്ടില്ല. അഗ്നിശമനസേനയ്ക്ക് വേണ്ടി  ക്ഷേത്രത്തിന് ചുറ്റും വാട്ടർ ഹൈഡ്രന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കും അനുമതി കാത്തുകിടക്കുകയാണ്‌. ക്ഷേത്രത്തിനോട് അനുബന്ധിച്ചുള്ള അഞ്ചുവാർഡുകളിലെ റോഡ് അറ്റകുറ്റപ്പണിക്കുവേണ്ടി കോർപ്പറേഷൻ സമർപ്പിച്ച പദ്ധതിക്കും അനുമതി ലഭിച്ചിട്ടില്ല.

കഴിഞ്ഞവർഷത്തെ പൊങ്കാല നടത്തിപ്പുമായി ബന്ധപ്പെട്ട് കരാറുകാർക്ക് ഒരു കോടി രൂപയോളം കുടിശ്ശികയുള്ളത് ഈ വർഷത്തെ പല പ്രവർത്തനങ്ങൾക്കും തടസമാണെന്ന് മന്ത്രി കടംപള്ളി സുരേന്ദ്രൻ പറഞ്ഞു. ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ വിമുഖത കാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2.70 കോടി രൂപയുടെ പദ്ധതികൾക്ക് വ്യാഴാഴ്ച തന്നെ അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. എന്നാൽ ഇതിൽപെടാത്ത പദ്ധതികളുമുണ്ടെന്ന് യോഗത്തിൽ വ്യക്തമായി.

അവലോകനയോഗങ്ങൾക്ക് കുറവില്ലെങ്കിലും ഏകോപനത്തിലെ പാളിച്ച പ്രകടമാണെന്ന് ഒ.രാജഗോപാൽ എം.എൽ.എ പറഞ്ഞു. റോഡ് അറ്റകുറ്റപ്പണി അവസാനസമയം തട്ടിക്കൂട്ടി നടത്താനുള്ള ഏർപ്പാടാണ് നടക്കുന്നത്. ചിലർക്ക് അവസാനസമയം തട്ടിക്കൂട്ടി ജോലി തീർക്കാനാണ് താത്പര്യം. ഇതൊഴിവാക്കണം. റോഡ് അറ്റകുറ്റപ്പണിയിലും ഓട നവീകരണത്തിലുമുള്ള പോരായ്മ വി.എസ്. ശിവകുമാർ എം.എൽ.എ.യും പ്രകടമാക്കി.

കൂടുതൽ നിരീക്ഷണ ക്യാമറകൾ, കരമനയാറ്റിൽ താത്കാലിക ബണ്ടുകൾ, ഫയർ എക്സിറ്റ്ക്യുഷറുകൾ തുടങ്ങിവയ്ക്കും അനുമതി വേണമെന്ന് വിവിധ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. 28- നുള്ളിൽ ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്യോഗസ്ഥർക്ക് കർശനനിർദേശം നൽകി. 

മന്ത്രി കെ.ടി. ജലീൽ, ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ, മേയർ വി.കെ. പ്രശാന്ത്, ജില്ലാ കളക്ടർ വെങ്കിടേശപതി, എ.ഡി.ജി.പി. ബി.സന്ധ്യ, ഐ.ജി. മനോജ് എബ്രഹാം, ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, വിവിധ വകുപ്പ് മേധാവികൾ, ആറ്റുകാൽക്ഷേത്രം ഭാരവാഹികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.