തോന്നയ്ക്കല്‍: മുഴുവന്‍ തെരുവുനായ്ക്കളെയും വന്ധ്യംകരിച്ച സംസ്ഥാനത്തെ ആദ്യനഗരസഭയായി ആറ്റിങ്ങലിനെ മന്ത്രി കെ.ടി.ജലീല്‍ പ്രഖ്യാപിച്ചു. തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടത്തിയത്.

സായിഗ്രാമത്തിന്റെ സഹായത്തോടെയാണ് നഗരസഭ തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തിയത്. തെരുവുനായ്ക്കളെ പിടികൂടി മൃഗാശുപത്രിയിലെത്തിക്കുന്നതും അവയെ പരിചരിക്കുന്നതും തിരിച്ച് പിടിച്ചസ്ഥലങ്ങളില്‍ വിടുന്നതുമായ ജോലിയാണ് സായിഗ്രാമത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സായിഗ്രാമം സമൂഹത്തിനുവേണ്ടി ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു.

ആറ്റിങ്ങല്‍ നഗരസഭാധ്യക്ഷന്‍ എം.പ്രദീപ് അധ്യക്ഷനായി. സായിഗ്രാമം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, നഗരസഭാ ഉപാധ്യക്ഷ ആര്‍.എസ്. രേഖ, ജമീല, ഗോപകുമാരന്‍നായര്‍, മംഗലപുരം ഷാഫി, ജയചന്ദ്രന്‍നായര്‍, ഡോ. നജീബ്ഖാന്‍, തോന്നയ്ക്കല്‍ രവി എന്നിവര്‍ പങ്കെടുത്തു. പദ്ധതി നടപ്പാക്കുന്നതിനുവേണ്ട നിര്‍ദേശങ്ങളും ക്ലാസുകളും നല്കിയ ഡോ. രാംകുമാറിനെ ചടങ്ങില്‍ ആദരിച്ചു.