ഊരൂട്ടമ്പലം: പൈപ്പ് പൊട്ടുന്നത് തുടര്‍ച്ചയായപ്പോള്‍ അറ്റകുറ്റപ്പണിക്കായി വെട്ടിക്കുഴിക്കുന്ന റോഡുകള്‍ ചെളിക്കുഴികളായി മാറുന്നു. കുഴിച്ച റോഡ് ശരിയായി മൂടാതെപോകുന്നത് യാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ്.

മാറനല്ലൂര്‍ ഊരൂട്ടമ്പലം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിനു മുന്നില്‍ രണ്ടുദിവസമായി നാലിടത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുകയായിരുന്നു. മൂന്നാംദിവസം അറ്റകുറ്റപ്പണിക്കെത്തിയ കരാറുകാരന്‍ പുതുതായി ടാര്‍ ചെയ്ത റോഡ് വെട്ടിക്കുഴിച്ചു. പണിനടത്തി കുഴിച്ച ഭാഗത്ത് മണ്ണ് മൂടിയെങ്കിലും ഇതിനുമുകളില്‍ കയറുന്ന വാഹനങ്ങള്‍ മണ്ണില്‍ പുതയുകയാണ്.

തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്ന കവലയില്‍ ഉറപ്പില്ലാത്തതരത്തില്‍ മേല്‍മണ്ണിട്ടാണ് കരാറുകാരന്‍ പോയത്. പൈപ്പിലെ സമ്മര്‍ദം മൂലമാണ് ഇടയ്ക്കിടെ പൊട്ടലുണ്ടാകുന്നതെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.