വെള്ളറട: രണ്ടര പതിറ്റാണ്ടിനു മുന്‍പ് നിര്‍മാണം ആരംഭിച്ച വനംവകുപ്പിന്റെ കീഴിലുള്ള ആനപ്പാറയിലെ കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു നിര്‍വഹിച്ചു. വനംവകുപ്പുമായി ബന്ധപ്പെട്ടു പൂര്‍ത്തീകരിക്കാതെ കിടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും അതിനുദാഹരണമാണ് വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറയിലെ കമ്യൂണിറ്റി ഹാളിന്റെയും പേപ്പാറ ഐ.ബി.യുടെയും പൂര്‍ത്തീകരണമെന്ന് മന്ത്രി പറഞ്ഞു.

ആനപ്പാറയിലെ കമ്യൂണിറ്റി ഹാള്‍ 20,000 രൂപ നല്‍കി കല്യാണമണ്ഡപമായി ഉപയോഗിക്കാന്‍ നല്‍കും. സദ്യാലയം ഉപയോഗിക്കാതെ മറ്റു പൊതുപരിപാടികള്‍ക്കു മാത്രമായി നല്‍കുമ്പോള്‍ വാടകയിനത്തില്‍ ആനുപാതികമായ കുറവുവരുത്തും. പൊതുജന പങ്കാളിത്തത്തോടെ വനാതിര്‍ത്തി അളന്നു തിട്ടപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കും.

വനവുമയി ബന്ധപ്പെട്ടുള്ള വിഷയങ്ങളിലും വന്യജീവികളുടെ ശല്യത്താലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് ആനപ്പാറയിലെ കമ്യൂണിറ്റി ഹാളില്‍ െവച്ച് വര്‍ഷത്തിലൊരിക്കല്‍ അദാലത്ത് സംഘടിപ്പിക്കും. ഈ അദാലത്ത് വിജയകരമായാല്‍ സംസ്ഥാനത്തുടനീളം നടത്തുമെന്നും മന്ത്രി പറഞ്ഞു.

സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുജാതകുമാരി, പഞ്ചായത്ത് പ്രസിഡന്റ് എം.ശോഭകുമാരി, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.പി.പ്രമോദ്, കെ.വി.വിചിത്ര, മണലി സ്റ്റാന്റിലി, സി.ജ്ഞാനദാസ്, ആര്‍.ബിനുറാണി, കള്ളിക്കാട് ചന്ദ്രന്‍, കൂതാളി ഷാജി, ഡി.ജി.രത്‌നകുമാര്‍, എന്‍.ദാനം, വൈ.എം.ഷാജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.