• കൊണ്ടുപോയത് സ്വകാര്യ ആംബുലന്‍സില്‍
  • പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചിട്ടും 108 എത്തിയില്ല

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിര്‍ധന രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ 108 ആംബുലന്‍സ് എത്തിയില്ല. ഡ്യൂട്ടി ഡോക്ടര്‍ നിര്‍ദേശിക്കാത്തതിനെത്തുടര്‍ന്നാണ് ആംബുലന്‍സ് എത്താതിരുന്നത്. ഇതോടെ പണംകൊടുത്ത് സ്വകാര്യ ആംബുലന്‍സില്‍ രോഗിയെ മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോകേണ്ടിവന്നു.

പരശുവയ്ക്കല്‍ സ്വദേശിയായ, അര്‍ബുദം ബാധിച്ച വേലായുധന്‍പിള്ളയെ തിങ്കളാഴ്ച രാവിലെയാണ് നെഞ്ചുവേദനയെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. പരിശോധനയില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടതിനാല്‍ ഡ്യൂട്ടി ഡോക്ടര്‍ രോഗിയെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്തുണ്ടായിരുന്ന കാരോട് പഞ്ചായത്ത് പ്രസിഡന്റ് അനിത 108-ലേക്ക് വിളിച്ചു.

കോള്‍ സെന്ററില്‍ ഉണ്ടായിരുന്നവര്‍ രോഗിയെക്കുറിച്ചുള്ള വിവരം അറിയാനായി ഫോണ്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടു. ഫോണ്‍ സംഭാഷണത്തിനുശേഷം ഡോക്ടര്‍ രോഗിയെ പുറത്തുനിന്ന് ആംബുലന്‍സ് വരുത്തി കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ഇതു ചോദ്യംചെയ്ത് വീണ്ടും പഞ്ചായത്ത് പ്രസിഡന്റ് 108-ലേക്ക് വിളിച്ചെങ്കിലും ഡോക്ടര്‍ നിര്‍ദേശിക്കാതെ ആംബുലന്‍സ് അയയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി. പിന്നീട് സ്വകാര്യ ആംബുലന്‍സ് വിളിച്ച് രോഗിയെ മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി. ആശുപത്രിയിലുള്ള സൗജന്യ ആംബുലന്‍സ് സര്‍വീസ് നല്‍കിയില്ലെന്നും പരാതിയുണ്ട്. എന്നാല്‍, ആശുപത്രിയിലെ ആംബുലന്‍സ് വിളിക്കാനാണ് രോഗിയുടെ ബന്ധുവിനോട് നിര്‍ദേശിച്ചതെന്ന് ഡ്യൂട്ടി എം.ഒ. ഡോ. രാജീവ് പറഞ്ഞു.

പരിശോധിക്കും

സാധാരണ ആശുപത്രിയില്‍നിന്നു വിളിക്കുന്നവരോട് ഡോക്ടറുടെ നിര്‍ദേശം ചോദിച്ചിട്ടാണ് ആംബുലന്‍സ് അയയ്ക്കാറുള്ളത്. ഇവിടേക്കുവന്ന ഫോണ്‍വിളിയുടെ രേഖ പരിശോധിക്കും. അതിനുശേഷമേ നടപടിയെടുക്കാനാവൂ.

-രാജീവ്, ഡെപ്യൂട്ടി മാനേജര്‍, 108 ആംബുലന്‍സ്


വിശദീകരണം ആവശ്യപ്പെടും

സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടറോട് വിശദീകരണം ആവശ്യപ്പെടും. ആശുപത്രി ആംബുലന്‍സ് ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടിരുന്നെങ്കില്‍ സൗജന്യമായി വിട്ടുനല്‍കുമായിരുന്നു.

- ഡോ. ദിവ്യ, സൂപ്രണ്ട്, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി.