ആറ്റിങ്ങല്‍: കനത്തമഴയില്‍ സ്‌കൂള്‍മതിലും സംരക്ഷണഭിത്തിയും തകര്‍ന്നുവീണു. ആലംകോട് വഞ്ചിയൂര്‍ ഗവ. യു.പി.എസിന്റെ മതിലാണിടിഞ്ഞു വീണത്. ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം.

ആലംകോട്-നഗരൂര്‍ റോഡരികിലാണ് സ്‌കൂള്‍. റോഡില്‍നിന്ന് 25 അടിയിലേറെ ഉയരത്തിലാണ് കെട്ടിടങ്ങള്‍. ഇവിടെ സ്‌കൂളിലേക്ക് കയറിപ്പോകുന്നതിന് ചെറിയ റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അഞ്ച് വര്‍ഷം മുമ്പ് ഇവിടെ കരിങ്കല്ല് കൊണ്ട് സംരക്ഷണഭിത്തി നിര്‍മ്മിക്കുകയും മതില്‍ കെട്ടുകയും ചെയ്തു. ഇതാണിപ്പോള്‍ ഇടിഞ്ഞുവീണത്.

സ്‌കൂളിലേക്കുള്ള റോഡ് തിരിയുന്ന മൂലയാണ് ഇടിഞ്ഞുവീണത്. ഈ ഭാഗത്ത് ഒരു കിണറുണ്ട്. മാത്രമല്ല ഒരു കെട്ടിടവും ഇവിടെയുണ്ട്. സംരക്ഷണഭിത്തി തകര്‍ന്നതോടെ ഇത് രണ്ടും അപകടത്തിലായിട്ടുണ്ട്.