വെള്ളറട: പാറശ്ശാല നിയോജകമണ്ഡലത്തിലെ വികസനത്തിന് സഹായകമായി സംസ്ഥാന ബജറ്റില്‍ 400 ഓളം കോടി രൂപയുടെ പദ്ധതികള്‍ വകയിരുത്തി. മലയോരത്തെ വിവിധ റോഡുകളുടെ നവീകരണത്തിനായി 107 കോടിയിലധികവും, നെയ്യാര്‍ഡാം അഡ്വഞ്ചറസ് ടൂറിസം പാക്കേജിന് 100 കോടി രൂപയുടെ പദ്ധതികളുമാണ് ഇവയില്‍ പ്രധാനപ്പെട്ടത്.

കുന്നത്തുകാല്‍ നിവാസികളുടെ ദീര്‍ഘകാലാവശ്യമായ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നാലുകോടിയും വിവിധ സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 28 കോടിയോളം രൂപയും വകയിരുത്തിയിട്ടുണ്ട്. നെയ്യാറിനുകുറുകെ പെരുങ്കടവിള പഞ്ചായത്തിലെ പഴമലയില്‍, ചിറ്റാറിന് കുറുകേ പ്ലാംപഴിഞ്ഞിയില്‍ കൂതാളിക്ക് സമീപം മരപ്പാലം എന്നിവിടങ്ങളില്‍ പാലങ്ങള്‍ നിര്‍മ്മിക്കാനായി 23 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. മണ്ണാംകോണം-കരിമ്പുമണ്ണടി, കാരമൂട്-കിളിയൂര്‍, മലയിന്‍കാവ്-മുള്ളിലവുവിള, പനച്ചമൂട്-പഞ്ചാക്കുഴി, ഒറ്റശേഖരമംഗലം-ഒലട്ടിമൂട്, വലിയവഴി നുള്ളിയോട്, കാരക്കോണം-വ്‌ളാങ്കുളം, എള്ളുവിള-നാറാണി, മണ്ണംകോട്-മഞ്ചവിളാകം-തത്തിയൂര്‍, പരശുവയ്ക്കല്‍-ആലമ്പാറ-കുണ്ടുവിള, ചിറക്കോണം-പവതിയാന്‍വിള, ആടുവള്ളി-പന്ത, വാവോട്-കണ്ടംതിട്ട, ആടുവള്ളി-പന്ത, വെള്ളറട-നെയ്യാര്‍ഡാം, മണ്ഡപത്തിന്‍കടവ്-വാഴിച്ചല്‍, നിലമാംമൂട്-അഞ്ചുമരങ്കാല, കൊച്ചുവയല്‍മുക്ക്-കണ്ടംതിട്ട തുടങ്ങിയ റോഡുകളുടെ നവീകരണത്തിനാണ് 107 കോടിയോളം വകയിരുത്തിയിട്ടുള്ളത്.

അമ്പൂരി, വാഴിച്ചല്‍, ഒറ്റശേഖരമംഗലം, പരശുവയ്ക്കല്‍ വില്ലേജോഫീസുകള്‍ നാലുകോടി രൂപ മുടക്കി നവീകരിക്കും. പാറശ്ശാല ഗവ.ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂണിറ്റ് ആരംഭിക്കാന്‍ ഒ.പി.ബ്ലോക്കിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിന് 15 കോടി. വെള്ളറട, പെരുങ്കടവിള സി.എച്ച്.സി.കള്‍ക്കും കുന്നത്തുകാല്‍, പൂഴനാട്, കൊല്ലയില്‍, നെയ്യാര്‍ഡാം പി.എച്ച്.സി.കളിലും പുതിയകെട്ടിടങ്ങള്‍ പണിയും. പാറശ്ശാലയില്‍ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ്ഹൗസിന് പുതിയകെട്ടിടം നിര്‍മ്മിക്കും. പാറശ്ശാല വനിതാ ഐ.ടി.ഐ.ക്ക് പുതിയ ക്ലാസ് മുറികളും ലാബുകളും, കുന്നനാട്, പൂഴനാട്, പരശുവയ്ക്കല്‍, പെരുങ്കടവിള, മാരായമുട്ടം എല്‍.പി.സ്‌കൂളുകള്‍ക്കും, കുട്ടമല, കുന്നത്തുകാല്‍, വെള്ളറട, മഞ്ചവിളാകം യു.പി.സ്‌കൂളുകള്‍ക്കും നെയ്യാര്‍ഡാം, ധനുവച്ചപുരം ജി.എച്ച്.എസ്.എസ്. തുടങ്ങിയ സ്‌കൂളുകളില്‍ പുതിയകെട്ടിടങ്ങള്‍ നിര്‍മ്മിക്കാനും ബജറ്റില്‍ ഫണ്ടുകള്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ചിറ്റാര്‍ നദിയുടെ തീരം സംരക്ഷണ ഭിത്തി നിര്‍മ്മിച്ച് മാലിന്യമുക്തമാക്കി ആഴംകൂട്ടി കയര്‍ ഭൂവസ്ത്രം വിരിച്ച് സംരക്ഷിക്കുന്നതിന് 30 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. കള്ളിക്കാട് മിനി സിവില്‍ സ്റ്റേഷന്‍, കുന്നത്തുകാല്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം, പാറശ്ശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് കോംപ്‌ളക്‌സ്, ഓഡിയോ വിഷ്വല്‍ മുറി, ഡിജിറ്റല്‍ ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും നിര്‍മ്മിക്കും. പാറശ്ശാലയിലെ കുറുങ്കുട്ടി ആര്‍.ടി.ഒ. ടെസ്റ്റിങ് ഗ്രൗണ്ടില്‍ അടിസ്ഥാന സൗകര്യമൊരുക്കാനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

പാറശ്ശാല നിയോജകമണ്ഡലത്തിന് ചരിത്രനേട്ടം

പാറശ്ശാല നിയോജകമണ്ഡലത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സംസ്ഥാന ബജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി ഇത്രയും വലിയൊരു തുക വകയിരുത്തുന്നത്. ഇതിലധികവും പൊതുമരാമത്ത് വകുപ്പിന്റെ പണികളാണ്. വിവിധ വകുപ്പുകളില്‍നിന്ന് ഫണ്ട് അനുവദിച്ചു കിട്ടുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കും.

-സി.കെ.ഹരീന്ദ്രന്‍, പാറശ്ശാല എം.എല്‍.എ.