ബാലരാമപുരം: നെയ്ത്തിനു പ്രശസ്തമായ നാട്ടിൽ രുചിപ്പെരുമ നേടുകയാണ് വെടിവച്ചൻകോവിലിനു സമീപത്തെ വെങ്ങാനൂർ തെരുവ്. വർഷങ്ങളായി പലഹാരമുണ്ടാക്കുന്ന ജോലിയിലേർപ്പെട്ടിരിക്കുന്ന ഇവിടത്തുകാരുടെ ഈ നാടിനെ 'മുറുക്ക്‌ തെരുവ്' എന്നാണിപ്പോൾ പുറത്തറിയുന്നത്. 
 
ബാലരാമപുരം വെടിവച്ചൻകോവിലിൽ നിന്നു പുന്നമൂട് പോകുന്ന വഴിയാണ് വെങ്ങാനൂർ തെരുവ്. തമിഴ്‌നാട്ടിലെ നാഞ്ചിനാട്ടിൽനിന്നു രാജഭരണകാലത്ത് കുടിയേറിപ്പാർത്തവരാണ് വർഷങ്ങളായി വെങ്ങാനൂർ തെരുവിൽ പലഹാരനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഇരുപതിലധികം കടകളാണ് പലഹാരങ്ങൾ മാത്രം വിൽക്കാനായി തെരുവിലുള്ളത്. പതിറ്റാണ്ടുകളായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങൾ ഇവിടെയുണ്ട്. എല്ലായിടത്തും ഇതിന് നേതൃത്വം നൽകുന്നതാകട്ടെ സ്ത്രീകളും. 
 
മറ്റു രാസവസ്തുക്കളൊന്നും ചേർക്കാതെ വീട്ടിലുണ്ടാക്കുന്ന അതേ രീതിയിലാണ് പലഹാരനിർമാണം. നെയ്യപ്പം, അച്ചപ്പം, മുറുക്ക്, മുന്തിരിക്കൊത്ത്, മധുരസേവ, കാരച്ചേവ്, പക്കാവട, കളിയോടക്ക (ചീട), മടക്കപ്പം, ഓമപ്പൊടി തുടങ്ങിയവയാണ് പ്രധാന പലഹാരങ്ങൾ. ഇതിൽത്തന്നെ അരിമുറുക്കിനാണ് ആവശ്യക്കാരേറെ. 
 
പലഹാരങ്ങളുടെ വലിപ്പമനുസരിച്ചാണ് നിരക്കുകൾ ഈടാക്കുന്നതെങ്കിലും സാധാരണയായി അച്ചപ്പം മൂന്നു രൂപയ്ക്കും, മുറുക്കുകൾ അഞ്ചു രൂപ മുതലുമാണ് വിൽക്കുന്നത്. സാധനവില കൂടുമ്പോൾ ചെലവേറിയ പലഹാരങ്ങൾ നിർമിക്കാറില്ലെന്ന് വർഷങ്ങളായി ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന വേലമ്മ പറഞ്ഞു. 
 
വലിയ സാമ്പത്തികനേട്ടമില്ലാത്തതിനാൽ പുതുതലമുറയിൽനിന്ന്‌ അധികമാരും ഈ തൊഴിലിലേക്ക് വരുന്നില്ല. അതിനാലിപ്പോൾ പുറത്തുനിന്നുള്ളവരാണ് ശമ്പളത്തിനു ജോലി ചെയ്യുന്നതെന്ന് ചിത്ര പറയുന്നു. എന്നാലിതൊന്നും തന്നെ ഈ മേഖലയിൽ തുടരുന്നവർക്ക് മടുപ്പ് ഉണ്ടാക്കുന്നുമില്ല. വീടുകളിലെ എല്ലാ സന്തോഷമുഹൂർത്തങ്ങളും മധുരിതമാക്കാനായി അച്ചിൽത്തീർത്ത പലഹാരങ്ങളുമായി വെങ്ങാനൂർ തെരുവ് കാത്തിരിക്കുകയാണ്.