തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. കിഴക്കേക്കോട്ടയില്‍ ആരംഭിച്ച പെട്രോള്‍ പമ്പിനെതിരേ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആള്‍ക്ക് 10,000 രൂപ പിഴ ചുമത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങര സ്വദേശി ഡി.സെല്‍വിനെതിരേ നടപടി എടുത്തത്.

പിഴത്തുക അര്‍ബുദരോഗ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി ചെലവിടാനും കോടതി നിര്‍ദേശിച്ചു.

ജില്ലാ മജിസ്ട്രേറ്റില്‍നിന്നും എന്‍.ഒ.സി. വാങ്ങാതെ പമ്പ് ആരംഭിച്ചുവെന്നുകാട്ടിയാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. 1971ല്‍ തന്നെ കെ.എസ്.ആര്‍.ടി.സി.ക്ക് എന്‍.ഒ.സി. ലഭിച്ച പമ്പ് പൊതുജനങ്ങള്‍ക്കു കൂടെ തുറന്നു കൊടുക്കുന്നതിനു മുന്‍പ് പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉള്‍പ്പെടെയുള്ളവയുടെ ആവശ്യമായ അനുമതി ലഭിച്ചതായി കെ.എസ്.ആര്‍.ടി.സി. കോടതിയെ അറിയിച്ചിരുന്നു.

രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരേയാണ് കേസ് തള്ളി കോടതി പരാതിക്കാരനു പിഴയിട്ടത്. കെ.എസ്.ആര്‍.ടി.സി.ക്കു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ അഡ്വ. ദീപു തങ്കന്‍ ഹാജരായി.

content highlights: High Court imposed 10000 fine on the person who filed case against KSRTC